82-കാരിയുടെ മറവിരോഗത്തെ പമ്പ കടത്തി മെഡിറ്ററേനിയന്‍ മാജിക് ഡയറ്റ്

Advertisement

അതിഭീകരമായ ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ഓര്‍മ്മകള്‍ ഓരോന്നായി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. നിലവില്‍ ഈ രോഗത്തിന് ചികിത്സകളില്ല. എന്നാല്‍ ഭക്ഷണക്രമീകരണത്തിലൂടെ ഡിമെന്‍ഷ്യയെ തുരത്തിയിരിക്കുകയാണ് സില്‍വിയ എന്ന 82കാരി.

സ്വന്തം മകനെ പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഡിമെന്‍ഷ്യ ബാധിച്ചിരുന്നു സില്‍വിയയ്ക്ക്. മകനായ മാര്‍ക്കിന് അമ്മയുടെ അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പാര്‍പ്പിക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ അമ്മയെ നഷ്ടപ്പെടുമോയെന്നും മാര്‍ക്ക് ഭയപ്പെട്ടു.

സില്‍വിയയുടെ ഓര്‍മ്മശക്തിയും ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു. ആശുപത്രിയിലെ നഴ്‌സ് തന്നെ തട്ടിക്കൊണ്ടു വന്നതാണെന്നു കരുതി സില്‍വിയ പൊലീസിനെ വിവരമറിയിക്കുക പോലുമുണ്ടായി.

എന്നാല്‍ ഇതിനെ എങ്ങനെയും പ്രതിരോധിക്കാനായിരുന്നു മാര്‍ക്കിന്റെ തീരുമാനം. മരുന്ന് കഴിച്ചതു കൊണ്ടുമാത്രം രോഗമുക്തി ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് ഡയറ്റിങ്ങ് കൂടി തുടങ്ങാന്‍ മാര്‍ക്ക് തീരുമാനിച്ചത്. പഴങ്ങളും ധാന്യങ്ങളും കൂടുതലായി ഉള്‍പ്പെടുത്തിയ മെഡിറ്ററേനിയന്‍ ഡയറ്റാണ് ഇതിനായി മാര്‍ക്ക് തിരഞ്ഞെടുത്തത്. ബ്ലൂബെറി, വാല്‍നട്ട് എന്നിവ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചു.

ബ്രൊക്കോളി, കാലെ, ചീര, സൂര്യകാന്തി വിത്തുകള്‍, ഗ്രീന്‍ ടീ, ഓട്‌സ്, മധുരക്കിഴങ്ങ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയും ഉള്‍പ്പെടുത്തി.

പ്രമേഹവും അമിതശരീരഭാരവുമാണ് ഈ രോഗത്തിന്റെ പ്രധാന വെല്ലുവിളികള്‍. ഈ രണ്ട് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വാര്‍ദ്ധക്യ കാലത്ത് ഡിമെന്‍ഷ്യ പിടിപെടാന്‍ ഇരട്ടി സാദ്ധ്യതയാണ് ഉള്ളത്. രക്തസമ്മര്‍ദ്ദം,ഉയര്‍ന്ന കൊളെസ്ട്രോള്‍ തുടങ്ങിയവയും ശ്രദ്ധിക്കണം. മധ്യവയസ്സില്‍ തന്നെ ശരീരഭാരവും ഹൃദയാരോഗ്യവും ശ്രദ്ധിക്കുന്നത് ഈ രോഗത്തിന് എതിരെയുള്ള മുന്‍കരുതലാകും.

ഭക്ഷണം ഒരു പ്രധാന ഘടകമാണ്. അത് ഒരു വ്യക്തിയുടെ ആരോഗ്യം, കാലാവസ്ഥ, ലഭ്യത എന്നിങ്ങനെ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഏത് ഭക്ഷണരീതിയാണ് ഡിമെന്‍ഷ്യയെ തുരത്തുകയെന്നു ഇനിയും വ്യക്തമായിട്ടില്ല ശാസ്ത്രജ്ഞര്‍ക്ക്. എങ്കിലും മെഡിറ്ററേനിയന്‍ ഡയറ്റ് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഈ ക്രമത്തില്‍ മാംസം കുറവും പച്ചക്കറിയും പഴങ്ങളും മത്സ്യവും ധാന്യങ്ങളും വളരെ കൂടുതലുമാണ്. ഡിമെന്‍ഷ്യക്കൊപ്പം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഈ ഡയറ്റ് ചാര്‍ട്ട് സഹായിക്കുമത്രെ.