മൂക്കിലൂടെ ഊതി വീർപ്പിച്ചത് മൂന്ന് ലോറി ടയർ ട്യൂബുകൾ; ലോക റെക്കോഡ് സ്വന്തമാക്കി സേലം സ്വദേശി

ലോക റെക്കോർഡ് സ്വന്തമാക്കാൻ മൂക്കിലൂടെ മൂന്ന് ലോറി ടയർ ട്യൂബുകൾ ഊതി വീർപ്പിച്ച് സേലം സ്വദേശി. തമിഴ്നാട് സ്വദേശി നടരാജാണ് ലോക റെക്കോർഡ് സ്വന്തമാക്കാൻ വ്യത്യസ്ത ചലഞ്ചുമായി രം​ഗത്തെത്തിയത്. മൂന്ന് ടയർട്യൂബുകൾ ഊതി വീർപ്പിക്കാൻ വെറും ഒൻപത് മിനിറ്റും 45 സെക്കൻഡുമാണ് അദ്ദേഹത്തിന് വേണ്ടി വന്നത്.

അന്താരാഷ്ട്ര യോഗ ദിനത്തിലായിരുന്നു പ്രകടനം. പ്രാണായാമം എന്ന യോഗാരീതിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇതിന്റെ പിന്നിലെന്ന് കരാട്ടേ കോച്ചായ നടരാജേ പറഞ്ഞു. ഇതിന് മുമ്പ് 97 വേദികളിൽ നടരാജ് സമാനമായ പ്രകടനം നടത്തിയിട്ടുണ്ട്.

വേൾഡ് ടാലന്റ് ബുക്ക് ഓഫ് റെക്കോഡ്സ് നടരാജിന്റെ പ്രകടനം അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ജുഡീഷ്യൽ ഓഫീസർമാരുടേയും പോലീസ് ഉദ്യോഗസ്ഥൻമാരുടേയും സാന്നിധ്യത്തിലായിരുന്നു നടരാജ് ട്യൂബുകളിൽ വായു നിറച്ചത്.

എന്നാൽ, ഇത്തരം പ്രകടനം അനുകരിക്കുന്നതിനെ കുറിച്ച് നടരാജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീവ്ര പരിശീലനത്തിലൂടെയാണ് ശ്വാസം നിയന്ത്രിച്ച് തനിക്ക് ഇത്തരത്തിലുള്ള പ്രകടനം സാധ്യമാകുന്നതെന്നും മതിയായ പരിശീലനമില്ലാതെ ഇത്തരത്തിലുള്ള സംഗതികൾക്ക് മുതിരരുതെന്നും അത് ജീവൻ അപകടമാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.