താലപ്പൊലിയും തൂശനിലയിൽ സദ്യയുമായി വിദേശ ദമ്പതികൾക്കു കേരളനാട്ടിൽ മാംഗല്യം

Advertisement

 

പാരിസിൽ നിന്നുള്ള ഫാബിയനും സാമിയക്കും തങ്ങൾക്കു ഏറ്റവും പ്രിയമുള്ള കേരളമണ്ണിൽ വെച്ച് ഒരു നാടൻ കല്യാണം. കേരളത്തിനോടും ആയുർവേദത്തിനോടുമുള്ള താത്പര്യമാണ് ഇരുവരെയും അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തം ഇവിടെ ആഘോഷിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. കസവുമുണ്ടുടുത്തു വരനും പട്ടുചേലയണിഞ്ഞു വധുവും എത്തിയതോടെ ഏലൂക്കരയിലെ ആയുർവേദ സ്ഥാപനം വിവാഹാഘോഷത്തിൽ മുങ്ങി. ഗട്ടിമേളത്തിന്റെ അകമ്പടിയോടെ ഫാബിയൻ സാമിയക്ക് താലിചാർത്തി.

രണ്ട് വർഷം മുമ്പ് ഫാബിയന്റെ പാരിസിലുള്ള ആയുർവേദ സ്ഥാപനത്തിൽ വെച്ച് കണ്ടുമുട്ടിയ ഇരുവർക്കും കേരളം വളരെ പ്രിയപ്പെട്ടതായിരുന്നു. 20 വർഷമായി കേരളത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ഫാബിയൻ . ഇവരുടെ സുഹൃത്തുക്കളായ ഏലൂക്കരയിലെ ആയുർവേദ സ്ഥാപനത്തിലുള്ളവർ കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന് തൂശനിലയിൽ പായസം കൂട്ടിയുള്ള ഒരു അടിപൊളി സദ്യയും വിളമ്പി.