വിരലിന് പകരം പേന വെച്ചാലും റീഡിംഗ് നിരക്ക്! പള്‍സ് ഓക്‌സിമീറ്റര്‍ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പള്‍സ് ഓക്‌സിമീറ്റര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഓക്‌സിമീറ്റര്‍ തട്ടിപ്പ് ആണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. പേന കടത്തി വച്ചതിനെ തുടര്‍ന്ന് പള്‍സ് നിരക്കും ഓക്‌സിജന്‍ അളവും കാണിക്കുന്നതായുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇതിന് പിന്നിലെ സത്യാവസ്ഥയാണ് ജനങ്ങള്‍ ഇപ്പോള്‍ തേടുന്നത്. പള്‍സ് ഓക്‌സിമീറ്റര്‍ വിരലുമായി ബന്ധിപ്പിക്കുമ്പോള്‍ രക്തത്തിലൂടെ വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള പ്രകാശത്തെ കടത്തി വിടുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്‍ അതിലടങ്ങിയ ഓക്‌സിജന്റെ അളവ് അനുസരിച്ച് പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം ആഗിരണം ചെയ്യുകയും ഇതുവഴി ഓക്‌സിജന്‍ അളവ് കണക്കാക്കുകയും ചെയ്യും.

എന്നാല്‍ വിരലിന് പകരം പേന വയ്ക്കുമ്പോള്‍ പള്‍സ് ഓക്‌സിമീറ്റര്‍ വിരലാണെന്ന് കരുതി പള്‍സിനായി തിരയും. ഇതിന്റെ ഭാഗമായി ഫോട്ടോ ഡിറ്റക്റ്ററില്‍ പതിക്കുന്ന പ്രകാശത്തിന്റെ വ്യത്യസ്ത തീവ്രത മൂലം ഒരുതരം മിടിപ്പ് പോലെ (പള്‍സേറ്റിങ് ഇഫക്ട്) ഉണ്ടാവുകയും ഫലമായി ഓക്‌സീമീറ്ററില്‍ ഒരു റീഡിംഗ് കാണിക്കുകയും ചെയ്യും.

പള്‍സ് ഓക്‌സീമീറ്റര്‍ തട്ടിപ്പായത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ബിപിഎല്‍ എന്ന പള്‍സ് ഓക്‌സീമീറ്റര്‍ നിര്‍മാണ കമ്പനി പറയുന്നത്. പേന പോലുള്ള എന്തെങ്കിലും സാധനം പള്‍സ് ഓക്‌സിമീറ്ററിന് അകത്ത് കടത്തി വയ്ക്കുകയും ഫോട്ടോ സെന്‍സര്‍ അതില്‍ തട്ടിവരുന്ന പ്രകാശത്തെ തിരിച്ചറിയുകയും ചെയ്താല്‍ എന്തെങ്കിലും റീഡിംഗ് കാണിക്കാം. അതിനര്‍ഥം ഓക്‌സിമീറ്റര്‍ തട്ടിപ്പാണെന്നല്ല എന്ന് പള്‍മനറി റീഹാബിലിറ്റേഷന്‍ വിദഗ്ധ പ്രസന്ന ശശികുമാറും പ്രതികരിക്കുന്നു.