ബ്ലാക്ക് ഫംഗസ് തുടക്കത്തിലേ കണ്ടെത്തുന്നതും മുക്തി നേടുന്നതും നിര്‍ണായകം; ചികിത്സിച്ച ഡോക്ടര്‍ പറയുന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ബ്ലാക്ക് ഫംഗസ് തുടക്കത്തിലെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും മുക്തി നേടുന്നതുമൊക്കെ നിര്‍ണായകമാണെന്ന് ചികിത്സിച്ച ഡോക്ടര്‍.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം മേധാവിയും സീനിയര്‍ ഇഎന്‍ടി സര്‍ജനുമായ ഡോ. പ്രശോഭ് സ്റ്റാലിന്‍ ആണ് മലയാള മനോരമയോട് പ്രതികരിച്ചത്. മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധിതനാകുന്ന രോഗി വളരെ പെട്ടെന്ന് തന്നെ ഗുരുതരാവസ്ഥയിലാകാം.

തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും വേണം. ഫംഗസ് ബാധയുണ്ടാകുന്നവര്‍ക്കു ശസ്ത്രക്രിയ്ക്കു പുറമേ, ശക്തിയേറിയതും വിലയേറിയതുമായ ആന്റി ഫംഗല്‍ മരുന്നുകളും കുറച്ചു കാലം ഉപയോഗിക്കേണ്ടി വരുമെന്നും ഡോക്ടര്‍ പറയുന്നു.

മൂക്കിലൂടെയാണ് പ്രധാനമായും ഫംഗസ് ശരീരത്തിനുള്ളിലേക്ക് എത്തുന്നത്. ഇത് മൂക്കില്‍ നിന്നു നേരിട്ടു കണ്ണുകളിലേക്കും മറ്റുമെത്താം. രക്തത്തില്‍ കലര്‍ന്നു രക്തക്കുഴല്‍ വഴി ശരീരത്തിന്റെ ഏതു ഭാഗത്തുമെത്താനുമാണ് സാധ്യത.

കറുത്ത നിറമായതു കൊണ്ടല്ല ഈ ഫംഗസ് ബാധയെ ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്. ഈ ഫംഗസ് ബാധിക്കുന്ന ശരീര ഭാഗം കറുത്തു സംവേദന ക്ഷമമല്ലാത്ത രീതിയിലായി മാറുന്നതിനാലാണ് എന്നും ഡോക്ടര്‍ പറഞ്ഞു.