ഇലക്ട്രോണിക് സിഗററ്റുകള്‍ നായകനോ ?, വില്ലനോ ?

Advertisement

നിരഞ്ജന ദത്ത്

സിഗരറ്റ് ഉപയോഗത്തില്‍ നിന്നും മോചനം ലഭിക്കുമെന്ന വാഗ്ദാനത്തോടെ വിപണിയിലെത്തിയ ഇ – സിഗററ്റുകള്‍ വില്ലനോ നായകനോ. യുവത്വത്തിന്റെ പുതിയ ലഹരിയായി മാറിയ ഇ -സിഗരറ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് സിഗരറ്റ് ഈ വര്‍ഷം സെപ്റ്റംബര്‍ 13 നാണു ഇന്ത്യയില്‍ ബാന്‍ ചെയ്തത്. എന്നാല്‍ ഇ-സിഗററ്റുകളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് സത്യം.

പല രാഷ്ട്രങ്ങളിലും ഇവ ബാന്‍ ചെയ്തുവെങ്കിലും ഓണ്‍ലൈനിലൂടെയും മറ്റു പല മാര്‍ഗങ്ങളിലൂടെയും യുവാക്കള്‍ ഇ-സിഗററ്റ് വാങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ . അത്തരം ഒരു നിയമലംഘനം നടക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.

ഇ – സിഗററ്റുകളുടെ ദൂഷ്യവശങ്ങള്‍ എന്തൊക്കെ? ഇന്ത്യയില്‍ അത്ര പ്രചാരം നേടിയില്ലെങ്കിലും ലോകരാഷ്ട്രങ്ങളില്‍ വളരെ ജനപ്രീതിനേടിയ ഇ – സിഗററ്റുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് ഇ – സിഗററ്റുകള്‍

സാധാരണസിഗരറ്റിന്റെ ആകൃതിയിലാണ് ഇ-സിഗരറ്റും. പുകയിലയ്ക്കുപകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഉപയോഗിക്കുന്നത്. നിക്കോട്ടിനൊപ്പം പ്രൊപ്പിലീന്‍ ഗ്ലൈക്കോള്‍ പോലെയുള്ള രാസപദാര്‍ഥങ്ങളും രുചിക്കൂട്ടുകളും ചേര്‍ക്കുന്നു. സാധാരണ സിഗരറ്റ് വലിക്കുന്നപോലെയോ അല്ലെങ്കില്‍ സ്വിച്ച് അമര്‍ത്തി ഓണ്‍ ചെയ്‌തോ ഉപയോഗിക്കാന്‍ സാധിക്കും. പുകയ്ക്കു പകരം ആവി രൂപത്തിലാണ് നിക്കോട്ടിന്‍ അകത്തു ചെല്ലുന്നതു . ഇ-സിഗരെറ്റിലുള്ള ദ്രാവകം ചൂടാകുമ്പോഴാണ് ആവി ഉണ്ടാകുന്നത്. സാധാരണ സിഗരെറ്റിലുള്ള നിക്കോട്ടിന്‍ തന്നെ ഇതിലും അടങ്ങിയിരിക്കുന്നതിനാല്‍ പുകവലികൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ സമാനമായിരിക്കും. പുകവലി നിര്‍ത്താനുള്ള ഉപാധിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും അതുപോലെ തന്നെയോ അതിലധികമോ മാരകമാണ് ഇ-സിഗററ്റുകളും.

ഇവ ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

മനുഷ്യശരീരത്തിന് അത്യന്തം ഹാനികരമായ നിക്കോട്ടിന്‍ 30 മില്ലിഗ്രാം മുതല്‍ 60 മില്ലിഗ്രാം വരെ അകത്തുചെന്നാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്.ശ്വാസകോശ രോഗങ്ങള്‍ , ഹൃദ്രോഗങ്ങള്‍ ,പ്രമേഹം , നേത്രരോഗം, പക്ഷാഘാതം തുടങ്ങി വിവിധ മാരകമായ അസുഖങ്ങള്‍ നിക്കോട്ടിന്‍ മൂലമുണ്ടാകുന്നു
കഴിഞ്ഞദിവസം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരു സംഘം ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഇ – സിഗരെറ്റുകളിലെ നിക്കോട്ടിന്‍ ശരീരത്തിലെ അഡ്രിനാലിന്റെ അളവുകൂട്ടുകയും അതിലൂടെ ഹൃദയാഘാതത്തിലേക്കു നയിക്കുന്നതായും കണ്ടെത്തി. യു.എസില്‍ 7 പേരാണ് ഇ-സിഗരറ്റിന്റെ ഉപയോഗം മൂലം മരണപ്പെട്ടിട്ടുള്ളത്.

ഇ-സിഗററ്റുകളുടെ ഉപയോഗം കൗമാരക്കാരെയും യുവാക്കളെയും ഭാവിയില്‍ സിഗററ്റിന് അടിമയാക്കിയേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.പുകവലിക്കാത്തവരെ അപേക്ഷിച്ചു ഇ-സിഗരെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

സാധാരണ സിഗററ്റിന്റെയത്രയും ദോഷകരമല്ല എന്ന തെറ്റായ ചിന്താഗതിയോടെ ഇ-സിഗരറ്റിന്റെ പിന്നാലെ പായുന്ന യുവത്വം’ അതിനു വലിയ വിലകൊടുക്കേണ്ടിവരും ‘ എന്നോര്‍ക്കുന്നില്ല.