വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്തില്ലെങ്കില്‍ കുഴപ്പമുണ്ടോ? ഡോക്ടര്‍ പറയുന്നു

രാജ്യത്ത് 70 ശതമാനത്തോളം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ കോവിഡ് വ്യാപനം കുറക്കാനാവുള്ളു എന്നാണ് കേന്ദ്രം പറയുന്നത്. കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ നിരവധി ആശങ്കകളാണ് ജനങ്ങളില്‍ ഉയരുന്നത്. വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കാം.

എന്നാല്‍ വാക്‌സിന്‍ ക്ഷാമം ഉള്ളതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ പലരും ബുദ്ധിമുട്ടുകയാണ്. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്തില്ലെങ്കില്‍ കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ്. ഡല്‍ഹി എയിംസിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. പ്രവീണ്‍ പ്രദീപ്.

മികച്ച ഫലപ്രാപ്തി കിട്ടണമെങ്കില്‍ വാക്‌സിന്‍ 2 ഡോസും എടുക്കണം എന്നാണ് ഡോക്ടര്‍ പറയുന്നത്. ആദ്യ ഡോസ് എടുത്തു കഴിയുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം വൈറസിനെതിരെ ഉണര്‍ന്നു തുടങ്ങും.

ശരിയായ ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കുമ്പോഴാണ് വൈറസിന് എതിരായ ആന്റിബോഡികള്‍ കാര്യമായി ഉല്‍പ്പാദിപ്പിക്കുന്നത് എന്ന് ഡോക്ടര്‍ വ്യക്തമാക്കി. വാക്‌സിനുകളുടെ ലക്ഷ്യം കടുത്ത രോഗാവസ്ഥയും മരണവും ഒഴിവാക്കുകയെന്നതാണ്.

2 ഡോസ് വാക്‌സിനെടുത്താലും കോവിഡ് ബാധയ്ക്കും മറ്റുള്ളവരിലേക്കു പകരാനുമുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു, അതിനാല്‍ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം.