'കോവിഡ് മൂന്നാം തരംഗം: കുട്ടികള്‍ ശ്വാസം കിട്ടാതെ പിടയും'; വാര്‍ത്തകളിലെ സത്യമെന്ത്?

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൊല്ലും, ശ്വാസം കിട്ടാതെ മരിക്കും എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് എതിരെ ഡോ. ഷിംന അസീസ്. കുട്ടികളെ മാത്രമായി ബാധിക്കുന്ന, ഇല്ലായ്മ ചെയ്യുന്ന ഒന്നും നിലവില്‍ ഇവിടെയില്ല. ഇത്തരം പ്രചാരണം തികച്ചും അശാസ്ത്രീയമാണ്, വസ്തുതാവിരുദ്ധമാണ്. പ്രതിരോധിക്കുക, ഇത്തരം പച്ചക്കള്ളങ്ങളെയും എന്ന് ഡോക്ടര്‍ പറയുന്നു.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്:

കോവിഡിന്റെ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ തുരുതുരാ മരിച്ച് വീഴുമെന്ന് സൂപ്രീം കോടതി പറഞ്ഞിട്ടില്ല സുഹൃത്തേ…

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രക്ഷിതാക്കളില്‍ ഒരാളോ രണ്ട് പേരോ തന്നെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൊടുക്കേണ്ട പ്രത്യേക ശ്രദ്ധയിലൂന്നിയാണ് സുപ്രീം കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രവീന്ദ്ര ഭട്ട് സംസാരിച്ചത്. അങ്ങനെ ഒറ്റപ്പെട്ട് പോയ മക്കള്‍ക്ക് എന്തൊക്കെ രീതിയില്‍ ശ്രദ്ധ കൊടുക്കണം, ആര്‍ക്കൊക്കെ അവരെ ഏറ്റെടുക്കാം, അവരെ ശ്രദ്ധിക്കുന്ന കെയര്‍ ഹോമുകളില്‍ ഉള്ളവര്‍ വാക്സിനേഷന്‍ എടുക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയാണ് യുനിസെഫുമായി നടന്ന ആ ചര്‍ച്ചയില്‍ മുഖവിലക്കെടുത്ത പ്രധാന വസ്തുതകള്‍. അല്ലാതെ മൂന്നാം തരംഗം മക്കളെ കൊല്ലുമെന്നല്ല, എവിടുന്ന് കിട്ടുന്നു ഈ ജാതി തര്‍ജമകള്‍???

“കുട്ടികള്‍ക്ക് ബിസ്‌ക്കറ്റ്, മിഠായി ഒക്കെ വാങ്ങിയാല്‍ “സാനിറ്റൈസര്‍” ചെയ്യണം”, “അവരെ കൊണ്ട് പുറത്ത് പോകുമ്പോള്‍ ഹെല്‍ത്തില്‍ അറിയിക്കണം” എന്നൊന്നുമുള്ള നിര്‍ദേശങ്ങള്‍ എങ്ങുമില്ല. വൃത്തിയുള്ള വസ്തു കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കണമെങ്കില്‍ അങ്ങനെ മാത്രം പറഞ്ഞാല്‍ മതി. ഓവറാക്കി ചളമാക്കേണ്ട. പിന്നെ, സാനിറ്റൈസര്‍ ഒരു കാരണവശാലും ഭക്ഷണത്തിന്‍മേല്‍ ഉപയോഗിക്കാനുള്ളതല്ല. രക്ഷിതാവ് കൈകള്‍ നന്നായി കഴുകി, പാക്കിനകത്തുള്ള ഭക്ഷ്യവസ്തു എങ്ങും തൊടാതെ വൃത്തിയോടെ കുഞ്ഞിനെടുത്ത് കൊടുക്കുന്നതാണ് ശരിയായ രീതി. തുറന്ന് വെച്ച പരുവത്തിലുള്ള പുറത്ത് നിന്നുള്ള ഫുഡ് പാടേ ഒഴിവാക്കാം.

പറഞ്ഞ് വന്നത് എന്താച്ചാല്‍, മക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും മാതാപിതാക്കള്‍ക്ക് കൈയും കാലും വിറക്കുന്ന രീതിയില്‍ എഴുതി വെക്കരുത്. മുന്‍കരുതലിന് പെയിന്റടിച്ച് പ്രദര്‍ശിപ്പിക്കേണ്ടതില്ല. അല്ലെങ്കില്‍ തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു കുറവും അറിഞ്ഞോണ്ട് ആരും വരുത്താറുമില്ല.

കുട്ടികളെ “അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്ത് കൊണ്ട് പോകരുത്” എന്ന മെസേജാണ് പറയാനുള്ളതെങ്കില്‍ അത് നേരിട്ട് പറയൂ, സമൂഹത്തില്‍ പരിഭ്രാന്തി പരത്തരുത്, വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്.

“അവരെ കളിക്കാന്‍ വിടരുത്” എന്ന് പറഞ്ഞോളൂ, അവര്‍ രോഗം വീട്ടിലേക്ക് കൊണ്ട് വരാനുള്ള സാധ്യത അത്രയും കുറയും. അതിന് ഇനി വരുന്നത് കുട്ടികളെ കൊല്ലുന്ന കോവിഡ് എന്നൊക്കെ പറഞ്ഞ് ഞെട്ടിക്കാന്‍ നിന്നാല്‍ ചെയ്യുന്നത് സാമൂഹ്യദ്രോഹമാണെന്ന് നിസ്സംശയം പറയേണ്ടി വരും.

സമൂഹത്തില്‍ ഭീതിയും ആശങ്കയും പരത്തിയല്ല ആരും ഇവിടെ രോഗപ്രതിരോധപ്രവര്‍ത്തനം നടത്തേണ്ടത്. ഇതൊക്കെ വായിച്ചും കേട്ടും ഉറക്കം നഷ്ടപ്പെടുകയും മിടിപ്പ് കൂടുകയും കരയുകയും തല മരവിക്കുകയും ചെയ്യുന്ന അതിസാധാരണക്കാരായ മനുഷ്യരെ ഓര്‍ത്തെങ്കിലും, കുടുംബഗ്രൂപ്പുകളില്‍ ചവച്ച് തുപ്പിയിടുന്നതെന്തും അമൃതെന്ന് മാത്രം കരുതുന്ന പാവം മനുഷ്യരെ ഓര്‍ത്തെങ്കിലും വായില്‍ തോന്നിയ ഇമ്മാതിരി തോന്നിവാസം എഴുതി പരത്തരുത്.

ഭാവന വിടരാന്‍ ഇത് കഥയല്ല, മഹാമാരി മക്കളെ പറിച്ച് കൊണ്ട് പോകുമെന്ന ഇല്ലാക്കഥയാണ്. വൈറലാവാല്‍ നോക്കേണ്ടത് വല്ലോര്‍ടേം നെഞ്ചത്ത് ചവിട്ടിയുമല്ല. കുട്ടികളെ മാത്രമായി ബാധിക്കുന്ന, ഇല്ലായ്മ ചെയ്യുന്ന ഒന്നും നിലവില്‍ ഇവിടെയില്ല. ഇത്തരം പ്രചാരണം തികച്ചും അശാസ്ത്രീയമാണ്, വസ്തുതാവിരുദ്ധമാണ്. പ്രതിരോധിക്കുക, ഇത്തരം പച്ചക്കള്ളങ്ങളെയും. ഇതെല്ലാം തന്നെ കടന്ന് പോകും.