നനഞ്ഞ തുണിയിലെ 'കരിമ്പന്‍' ബ്ലാക്ക് ഫംഗസിന് കാരണമാകുമോ? സത്യാവസ്ഥ ഇങ്ങനെ

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തുന്ന നിരവധി വാര്‍ത്തകളും പ്രചരിക്കുകയാണ്. നനഞ്ഞ വസ്ത്രങ്ങളില്‍ കാണപ്പെടുന്ന കരിമ്പന്‍ ബ്ലാക്ക് ഫംഗസ് രോഗമുണ്ടാക്കും എന്ന വസ്തുതാ വിരുദ്ധമായ വാര്‍ത്ത ഇപ്പോള്‍ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാക്കുന്നത് മുക്കോര്‍ മൈസറ്റ്‌സ് എന്ന പൂപ്പലാണ്. എന്നാല്‍, വസ്ത്രങ്ങളില്‍ കരിമ്പന്‍ ഉണ്ടാക്കുന്നത് ആസ്പര്‍ജില്ലസ് വിഭാഗത്തിലുള്ള ഒരിനം പൂപ്പലുകളാണ്. ഈ പൂപ്പല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല.

മാത്രമല്ല, മ്യൂക്കര്‍മൈക്കോസിസ് എന്ന രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത് ഈ രോഗം ബാധിക്കുന്ന കോശങ്ങളിലേക്കുള്ള രക്തയോട്ടം കുറയുകയും ഇതോടെ കോശങ്ങള്‍ നശിക്കച്ച് കറുപ്പ് നിറമായി മാറുന്നതിനാലാണ്.

അതേസമയം, ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിവയാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ടു ചെയ്യുന്നത്. ബ്ലാക്ക് ഫംഗസിനേക്കാള്‍ ഏറെ ഗുരുതരമാണ് വൈറ്റ് ഫംഗസും യെല്ലോ ഫംഗസും.