ഫാസ്റ്റ് ഫുഡ് അപകടകരമായ ബാക്ടീരിയ, മനുഷ്യ ശരീരം കാണുന്നത് ഇങ്ങനെ; പുതിയ പഠനം

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യപ്രസ്‌നങ്ങള്‍ ഉണ്ടാക്കും. ഫാസ്റ്റ് ഫുഡിനെ മനുഷ്യ ശരീരം പരിഗണിക്കുന്നത് ഒരു ബാക്ടീരിയല്‍ അണുബാധയെ എന്ന പോലെയാണെന്ന് പുതിയ പഠനം.

ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാല എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഫാസ്റ്റ് ഫുഡിന് സമാനമായി ഉയര്‍ന്ന തോതില്‍ സാച്ചുറേറ്റഡ് കൊഴുപ്പും, പഞ്ചസാരയും, ഉപ്പും അടങ്ങിയ ഭക്ഷണമാണ് ഒരു മാസത്തേക്ക് ഗവേഷകര്‍ എലികള്‍ക്ക് നല്‍കിയത്.

ഒരു അണുബാധ ഉണ്ടാകുമ്പോള്‍ ശരീരം പ്രതികരിക്കുന്ന പോലെ എലികളുടെ രക്തത്തിലെ പ്രതിരോധ കോശങ്ങളുടെ എണ്ണം ഇക്കാലയളവില്‍ ഉയര്‍ന്നതായി പഠനത്തില്‍ കണ്ടെത്തി. ഗ്രാനുലോസൈറ്റ്‌സ്, മോണോസൈറ്റ്‌സ് എന്നിങ്ങനെ ചില പ്രതിരോധ കോശങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവ് ഉണ്ടായത്.

പ്രോജെനിറ്റര്‍ കോശങ്ങള്‍ അടങ്ങിയ ചില ജീനുകള്‍ ഈ ഭക്ഷണത്താല്‍ ഉത്തേജിപ്പിക്കപ്പെടുന്നതായാണ് ഗവേഷകര്‍ പറയുന്നത്. എലികളില്‍ ഉണ്ടായതിന് സമാനമായ പ്രതിരോധ പ്രതികരണം അനാരോഗ്യകരമായ ഭക്ഷണം മനുഷ്യരിലും ഉണ്ടാക്കിയാല്‍ ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു.

ഈ പഠനത്തിന് അതിനാല്‍ തന്നെ സാമൂഹിക പ്രസക്തിയുണ്ടെന്നും ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഗവേഷകനായ ഐക് ലാട്‌സ വ്യക്തമാക്കി.