18 ദിവസം നീണ്ട അനിശ്ചിതത്വം, ഒടുവില്‍ കുഞ്ഞ് ക്ലിയോ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തി

കഴിഞ്ഞ 18 ദിവസമായി ഓസ്‌ട്രേലിയ മുഴുവന്‍ ഒരു നാല് വയസ്സുകാരി ക്ലിയോയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് ഫലം കണ്ടു, അവള്‍ സുരക്ഷിതമായി കരുതലിന്റെ കരങ്ങളിലേക്ക് തിരിച്ചെത്തി.

ഓസ്‌ട്രേലിയന്‍ ദമ്പതികളുടെ മകള്‍ ക്ലിയോ സ്മിത്തിനെ കഴിഞ്ഞമാസം വെസ്റ്റ് ഓസ്ട്രേലിയയില്‍ നിന്നുമാണ് കാണാതായത്. നൂറിലധികം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ 18 ദിവസം നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

പെര്‍ത്ത് നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള അവധിക്കാല ക്യാമ്പില്‍ കഴിഞ്ഞിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം മാതാപിതാക്കള്‍ ഏറെ വൈകിയാണ് അറിഞ്ഞത്. ഉടനെ പൊലീസില്‍ അറിയിച്ചു. രാവിലെ ആറ് മണിക്ക് നോക്കിയപ്പോള്‍ ടെന്റ് തുറന്ന് കിടക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കര്‍നാര്‍വണ്‍ തീരദേശ പട്ടണത്തിലെ ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ പൊലീസുകാരന്‍ പേരന്താണെന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരി തൂകി കൊണ്ട് ‘എന്റെ പേര് ക്ലിയോ’ എന്നവള്‍ പറഞ്ഞു. ചിരിക്കുന്ന ക്ലിയോയുടെ മുഖം ഫോണില്‍ കണ്ടപ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. രാജ്യത്തെ ഇത്രയും നല്ല ഒരു വാര്‍ത്ത അറിയിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നുമില്ലെന്നും വെസ്റ്റ് ഓസ്‌ട്രേലിയന്‍ മുഖ്യമന്ത്രി മാര്‍ക് മക്‌ഗോവന്‍ പറഞ്ഞു.