അഡല്‍ട്ടറി നിയമം: പുരുഷന് മാത്രമല്ല സ്ത്രീക്കും ബാധകം: നിയമം പൊളിച്ചെഴുതാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 -ാം വകുപ്പ് കാലഹരണപ്പെട്ടതും പൗരാണികവുമാണെന്ന് സുപ്രീംകോടതി. അഡല്‍ട്ടറി അഥവാ പരസ്ത്രീബന്ധം ശിക്ഷാര്‍ഹമാക്കുന്ന നിയമം പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എെപിസി 497-ാം വകുപ്പ് ലിംഗ സമത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

ഐപിസി(ഇന്ത്യന്‍ ശിക്ഷാ നിയമം) 497-ാം വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന് എതിരെ മാത്രമേ കേസ് എടുക്കാനും ശിക്ഷിക്കാനും വ്യവസ്ഥയുള്ളു. സ്ത്രീക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥയില്ല. അതിനാല്‍ വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള പുരുഷന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ പരപുരുഷനുമായി ബന്ധമുള്ള സ്ത്രീയെ നിയമം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അത്തരം കേസുകളിലും സ്ത്രീയുമായി ബന്ധമുള്ള പുരുഷന്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഡിവോഴ്സ് കേസുകളില്‍ മാത്രമാണ് പരപുരുഷ ബന്ധവും പരസ്ത്രീ ബന്ധവും ഒരുപോലെ പരിഗണിക്കപ്പെടുന്നത്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം എല്ലാ പൗരന്മാക്കും തുല്യത വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അഡല്‍ട്ടറി നിയമങ്ങളിലെ പഴുത് സ്ത്രീയ്ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നു. സമാനമായ നിയമങ്ങള്‍ നിലനിന്നിരുന്ന പല രാജ്യങ്ങളും നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കാളീശ്വരം രാജ് സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങള്‍ കലഹരണപ്പെട്ടതും പൗരാണികവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് നിരീക്ഷിച്ചു.