നാട് മഴക്കെടുതിയിൽ നട്ടംതിരിയുമ്പോൾ യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ കൊഴുത്ത വിരുന്ന്; ദുരിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘നോ കമന്റ്സ്’, മുഖ്യമന്ത്രി വിഡി സതീശന്റെ നടപടിയിൽ കടുത്ത പ്രതിഷേധം
സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലും കടലാക്രമണത്തിലും വിറങ്ങലിച്ചു നിൽക്കുമ്പോൾ ജനങ്ങളോട് മുഖംതിരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. പൊന്നാനിയിൽ കടലാക്രമണം രൂക്ഷമാണെന്നും നിരവധി വീടുകൾ കടലെടുത്തെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പുച്ഛത്തോടെ ‘നോ കമന്റ്സ്’ എന്ന് മാത്രം മറുപടി നൽകി മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരുവശത്ത് ജനങ്ങൾ കിടപ്പാടം നഷ്ടപ്പെട്ട് കണ്ണീർവാർക്കുമ്പോൾ, മറുവശത്ത് പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ വൻ സന്നാഹങ്ങളോടെ കൊഴുത്ത വിരുന്നിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ നടപടി അക്ഷന്ത്യവ്യമായ തെറ്റാണെന്നും രാഷ്ട്രീയ അനൗചിത്യമാണെന്നുമുള്ള വിമർശനം ശക്തമാകുന്നു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സർക്കാരിന്റെ ചെറിയ വീഴ്ചകളെപ്പോലും വലിയ വായിൽ വിമർശിച്ചിരുന്ന വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോൾ കാണിക്കുന്ന തികഞ്ഞ ഇരട്ടത്താപ്പാണ് പൊന്നാനിയിൽ കണ്ടത്. കടലോരത്തെ ജനങ്ങൾ തങ്ങളുടെ സർവ്വസ്വവും നഷ്ടപ്പെട്ട് ജീവനുവേണ്ടി കേഴുമ്പോൾ ഡോഗ് സ്ക്വാഡും ഫയർഫോഴ്സും ആംബുലൻസും പൊലീസുമടക്കം വൻ സന്നാഹങ്ങളോടെയാണ് മുഖ്യമന്ത്രി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിൽ വിരുന്നിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സർക്കാരിനെതിരെ വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത്.
ദുരന്തമുഖത്ത് ജനങ്ങളെ ആശ്വസിപ്പിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യേണ്ട ഭരണാധികാരിയാണ് യാതൊരു കൂസലുമില്ലാതെ സൽക്കാരങ്ങളിൽ മുഴുകുന്നത്. കേരളം കണ്ട മുൻകാല ഭരണാധികാരികൾ ദുരന്തമുഖങ്ങളിൽ രാപ്പകൽ ഭേദമില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന ചരിത്രമാണുള്ളത്. എന്നാൽ എല്ലാം നഷ്ടപ്പെട്ടവരെക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കുമ്പോൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി ‘നോ കമന്റ്സ്’ എന്ന് പറയുന്ന മുഖ്യമന്ത്രി കേരളത്തിന് തന്നെ അപമാനമാണ്.
റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോയെ അനുസ്മരിപ്പിക്കുന്നതാണ് വി.ഡി. സതീശന്റെ ഈ വിരുണ്ടുണ്ണൽ. സംസ്ഥാന സർക്കാരിന് കീഴിൽ ആരംഭിക്കുന്ന പൊന്നാനിയിലെ ആദ്യ കപ്പൽ നിർമ്മാണശാലയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അധികാരത്തിന്റെ മത്തുപിടിച്ച് ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും കനത്ത വിമർശനമാണ് അലയടിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ സൽക്കാരങ്ങളല്ല, ഭരണപരമായ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ മുൻഗണനയാകേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ജനങ്ങളോടുള്ള തികഞ്ഞ വെല്ലുവിളിയാണ് പൊന്നാനിയിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
‘അർജുൻ ആയങ്കിയുടെ പാർട്ടി ഞങ്ങളുടേതല്ല’; ആയങ്കിയെ തള്ളി സിപിഎം നേതൃത്വം
ഗുണ്ടകളെ നിലയ്ക്ക് നിർത്തും, ഇത് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠം : രമേശ് ചെന്നിത്തല