വൻ ഹൈപ്പിൽ വന്ന ‘പ്രിയദർശിനി’ എട്ടിന്റെ പണികൊടുത്തു; കെഎസ്ആർടിസിക്ക് നഷ്ടം മാസം 90 കോടി കടക്കും, കണക്കുകൾ സർക്കാരിന് തിരിച്ചടി
ആസൂത്രണമില്ലാതെ വലിയ അവകാശവാദങ്ങളോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി കെഎസ്ആർടിസിയെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. വനിതകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതി വൻ ഹിറ്റാണെന്ന് ഗതാഗത വകുപ്പും സർക്കാരും അവകാശപ്പെടുമ്പോഴും, പുറത്തുവരുന്ന കണക്കുകൾ നൽകുന്നത് വമ്പൻ തിരിച്ചടിയുടെ സൂചനയാണ്. പദ്ധതി വഴി കെഎസ്ആർടിസിക്ക് ഉണ്ടാകാൻ പോകുന്ന പ്രതിമാസ നഷ്ടം 90 കോടി രൂപ കടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വകയിരുത്തിയത് 50 കോടി, നഷ്ടം 90 കോടി!
പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത് 600 കോടി രൂപയാണ്. അതായത്, പ്രതിമാസം 50 കോടി രൂപ. എന്നാൽ, സർക്കാരിന്റെ ഈ കണക്കുകൂട്ടലുകളെല്ലാം പാടെ തെറ്റിക്കുന്നതാണ് പുതിയ വിവരങ്ങൾ. പദ്ധതി നിലവിൽവന്ന ജൂൺ 15 മുതൽ 30 വരെയുള്ള വെറും 15 ദിവസം കൊണ്ട് ‘സീറോ ടിക്കറ്റ്’ നൽകിയതുവഴി കെഎസ്ആർടിസിക്ക് ഉണ്ടായത് 45.5 കോടി രൂപയുടെ നഷ്ടമാണ്. ജൂലൈ ഒന്നുമുതൽ 22 വരെയുള്ള കണക്കെടുത്താൽ നഷ്ടം 67 കോടി രൂപയിലെത്തി. ഈ നിലയിൽ മുന്നോട്ട് പോയാൽ ഒരു മാസം 90 കോടിയെന്ന ഭീമമായ തുക കെഎസ്ആർടിസിക്ക് അധിക ബാധ്യതയായി മാറും.
വാഴ്ത്തിപ്പാടി മന്ത്രി, പക്ഷേ കീശ കീറി ആനവണ്ടി
പദ്ധതി സൂപ്പർഹിറ്റാണെന്നും വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനയുണ്ടായെന്നും മന്ത്രി സി.പി ജോൺ അടുത്തിടെ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നുവെന്നതും, ആകെ യാത്രക്കാരിൽ മൂന്നിൽ രണ്ടും വനിതകളായി മാറിയെന്നതും നേരാണെങ്കിലും, ഇതിന് ആനുപാതികമായി കോർപ്പറേഷന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. സർക്കാർ നൽകുന്ന പ്രതിമാസ ഫണ്ട് അപര്യാപ്തമായതിനാൽ കോടികളുടെ അധികഭാരം കെഎസ്ആർടിസി തന്നെ ചുമക്കേണ്ട അവസ്ഥയാണ്.
സ്വകാര്യ ബസുകളും കട്ടപ്പുകയിൽ
’പ്രിയദർശിനി’ പദ്ധതി കെഎസ്ആർടിസിയെ മാത്രമല്ല, സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു മാസം കൊണ്ട് സ്വകാര്യ ബസ് മേഖലയ്ക്ക് 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും, അഞ്ഞൂറിലധികം ബസുകൾ ഇതിനകം സർവീസ് നിർത്തിയെന്നുമാണ് ബസുടമകൾ വ്യക്തമാക്കുന്നത്. ചുരുക്കത്തിൽ, വൻ രാഷ്ട്രീയ മൈലേജ് ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന ‘പ്രിയദർശിനി’ പദ്ധതി, കൃത്യമായ ആസൂത്രണമില്ലായ്മ കാരണം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ തന്നെ നടുവൊടിക്കുന്ന പദ്ധതിയായി മാറുകയാണോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമാകുന്നത്.
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ