Monday, 17 August 2026
‘Honest storytelling is a powerful means of change
11:54:05 AM IST
National

18നും 35നും ഇടയിൽ 66,000 പേർ രോഗബാധിതർ; കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കി കർണാടക സ‍ർക്ക‍ാർ

SHARE

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കി കർണാടക സ‍ർക്ക‍ാർ. കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്ഐവി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനമായി. വിദ്യാർത്ഥികൾക്കിടയിൽ രോഗബാധ ഏറുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം.

കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ‘Know Your HIV Status’ എന്ന പേരിലാകും ആപ്പ്

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്ഐവി ബോധവൽക്കരണം നടത്തണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ഹെൽത്ത് ക്യാമ്പുകളിലൂടെയാവും കോളേജുകളിൽ പരിശോധനയും കൗൺസിലിംഗും നടത്തുക. പദ്ധതിയുമായി സഹകരിക്കാൻ എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ കർണാടകം മൂന്നാമതാണെന്ന് നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കുകൾ പുറത്ത് വന്നിരുന്നു. കർണാടകയിൽ ആകെ 2.6 ലക്ഷം എച്ച്ഐവി ബാധിതരെന്ന് നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. ഇതിൽ 54,000-ത്തോളം പേർ തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണ്. 18നും 25നും ഇടയിൽ പ്രായമുള്ള 7000 രോഗബാധിതർ സംസ്ഥാനത്തുണ്ട്.

18നും 35നും ഇടയിൽ പ്രായമുള്ളവരിൽ രോഗവ്യാപനം കൂടുന്നുവെന്നും 2023-24 കാലഘട്ടത്തിൽ ഈ വിഭാഗത്തിൽ എച്ച്ഐവി കണ്ടെത്തിയത് 44,500 പേർക്കാണെന്നും 2025-26 ആയപ്പോൾ അത് 66,000 ആയി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്ഐവി ടെസ്റ്റ് നടത്തുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →