പാകിസ്ഥാന്റെ കഥ കഴിക്കാൻ ഗ്രീവ്സിന് വേണ്ടി വന്നത് വെറും 5 ഓവറുകൾ; ബ്രോഡിന്റെ റെക്കോർഡ് കാറ്റിൽപ്പറത്തി കരീബിയൻ പേസറുടെ ‘മരണ മാസ്സ്’ സ്പെൽ, ഇത് ചരിത്രം
ക്രിക്കറ്റ് മൈതാനത്ത് അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് പേസർ ജസ്റ്റിൻ ഗ്രീവ്സ് പുറത്തെടുത്തത് വെറുമൊരു അത്ഭുതമായിരുന്നില്ല, അതൊരു ‘മാന്ത്രിക പ്രകടനമായിരുന്നു’. 244ന് 3 എന്ന അതിശക്തമായ നിലയിൽ പാകിസ്ഥാൻ കുതിക്കുമ്പോൾ, വിൻഡീസ് ക്യാമ്പ് ശരിക്കും വിയർത്തിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ഒരു അമാനുഷിക ബൗളിംഗ് സ്പെല്ലിനാണ്. ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നുവരെ ഒരു ബൗളർക്കും സാധിക്കാത്ത ആ അപൂർവ്വ നേട്ടമാണ് ഗ്രീവ്സ് സ്വന്തമാക്കിയത്. 2016-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലീഷ് ഇതിഹാസ പേസർ സ്റ്റുവർട്ട് ബ്രോഡ് നേടിയ നാല് തുടർച്ചയായ വിക്കറ്റ് മെയ്ഡനുകളുടെ ലോക റെക്കോർഡാണ് ഈ 32-കാരൻ കാറ്റിൽപ്പറത്തിയത്. 11 ഓവറുകൾ പന്തെറിഞ്ഞ ഗ്രീവ്സ് 6 മെയ്ഡനുകൾ ഉൾപ്പെടെ വെറും 27 റൺസ് മാത്രം വിട്ടുകൊടുത്ത് പിഴുതെടുത്തത് അഞ്ച് പാക് വിക്കറ്റുകളാണ്! തന്റെ ടെസ്റ്റ് കരിയറിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം ഇതിലും ഗംഭീരമാക്കാൻ ഗ്രീവ്സിന് കഴിയില്ല.
പാക് താരം ഷാൻ മസൂദ് സെഞ്ചുറി നേടി ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിക്കുമെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് കരീബിയൻ കൊടുങ്കാറ്റായി ഗ്രീവ്സ് അവതരിക്കുന്നത്. ലഞ്ച് ഇടവേളയ്ക്ക് മുമ്പും ശേഷവുമായി എറിഞ്ഞ ആ തീപ്പൊരി സ്പെല്ലിൽ പാക് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ഷാൻ മസൂദിന് പുറമെ, മുഹമ്മദ് റിസ്‌വാൻ, ആമിർ ജമാൽ, അലി ഉസ്മാൻ, മുഹമ്മദ് അബ്ബാസ് എന്നിവർക്ക് ഗ്രീവ്സിന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ അടിതെറ്റി. മത്സരത്തിന്റെ 64, 66, 68, 70, 72 ഓവറുകളിലായിരുന്നു ഗ്രീവ്സിന്റെ ഈ ‘വിശ്വരൂപം’ പാകിസ്ഥാൻ കണ്ടത്. ഗ്രീവ്സ് എറിഞ്ഞ ഈ ഓവറുകളിലൊന്നും ഒരു റൺസ് പോലും നേടാൻ കഴിയാതെ അഞ്ച് വിക്കറ്റുകളാണ് അവർ വലിച്ചെറിഞ്ഞത്. ഇതോടെ കൂറ്റൻ സ്കോറിലേക്ക് പോകേണ്ടിയിരുന്ന പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് 282 റൺസിൽ അവസാനിച്ചു.
ഈ മാസ്മരിക പ്രകടനത്തിന് പിന്നിൽ ക്യാപ്റ്റൻ റോസ്റ്റൺ ചേസിന്റെ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നുവെന്ന് ഗ്രീവ്സ് തന്നെ വെളിപ്പെടുത്തുന്നു. ശരിയായ മേഖലകളിൽ സ്ഥിരതയോടെ പന്തെറിയാനുള്ള ക്യാപ്റ്റന്റെ നിർദ്ദേശമാണ് ഈ ചരിത്ര നേട്ടത്തിന് കാരണമായതെന്നും, ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേടാനായതിൽ വലിയ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ ഗ്രീവ്സിന്റെ ഈ സ്വപ്ന സ്പെല്ലിനും വിൻഡീസിനെ പൂർണ്ണമായി രക്ഷിക്കാനായില്ല എന്നതാണ് മത്സരത്തിലെ മറ്റൊരു ട്വിസ്റ്റ്. പാകിസ്ഥാനെ തകർത്തതിന്റെ ആവേശത്തിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയരായ വെസ്റ്റ് ഇൻഡീസ്, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 126/7 എന്ന ദയനീയ നിലയിലാണ്. നിലവിൽ 155 റൺസിന്റെ ലീഡ് മാത്രമാണ് വിൻഡീസിനുള്ളത്.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന