കാര്‍ബണ്‍ - ഒരു ജീവിതയാത്ര: സംവിധായകന്‍ വേണു ISC അഭിമുഖം

രാജേഷ് കെ. നാരായണ്‍

മണികൗള്‍, ജോണ്‍ ഏബ്രഹാം, ബുദ്ധ ദേവദാസ് ഗുപ്ത , പമേല റൂക്ക്‌സ്, പത്മരാജന്‍, ഭരതന്‍, എം.ടി വാസുദേവന്‍ നായര്‍ , കെ. ജി ജോര്‍ജ്ജ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ച വേണു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കാര്‍ബണ്‍. ദയ, മുന്നറിയിപ്പ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാര്‍ബണില്‍ ഫഹദ് ഫാസിലാണ് നായകനാവുന്നത്.

ashes and diamonds – എന്ന ടാഗ് ലൈനില്‍ അവതരിപ്പിക്കുന്ന കാര്‍ബണ്‍ എന്ന ചിത്രത്തെ മുന്‍നിര്‍ത്തി വേണു സൗത്ത് ലൈവിനോട് സംസാരിച്ചു.

* എന്താണ് കാര്‍ബണ്‍ ?

കാര്‍ബണാണ് എല്ലാ ജീവകങ്ങളുടെയും അടിസ്ഥാനം. കാര്‍ബണ്‍ എന്ന മൂലകത്തില്‍ നിന്നാണ് വജ്രവും കരിക്കട്ടയുമുണ്ടാകുന്നത്. ജീവിതത്തെയും , നമുക്ക് ഇതുപോലെ രണ്ടുരീതിയില്‍ കാണാമെന്നു തോന്നുന്നു. ചിലപ്പോള്‍ വജ്രത്തോളം തിളക്കമാര്‍ന്ന ജീവിതങ്ങള്‍ ഉണ്ടാകും, ചിലത് കരിക്കട്ട പോലെയും, ഇവയുടെ മൂല്യങ്ങള്‍ നിശ്ചയിക്കുന്നത് എങ്ങനെയായിരിക്കണമെന്നത് ഓരോരുത്തരുടെയും കാഴ്ച്ചപാടുകളിലാണ്. ഫഹദ് അവതരിപ്പിക്കുന്ന സിബി എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ സിനിമ. അതുകൊണ്ട് കാര്‍ബണ്‍ എന്ന പേരു സ്വീകരിച്ചു.

*കാട് പ്രധാനപശ്ചാത്തലമാണോ?

കാട് മാത്രമാണ് പശ്ചാത്തലമെന്ന് പറയാന്‍ പറ്റില്ല. സിനിമയുടെ ഒരു ഘട്ടത്തില്‍ കാട് ഉള്‍പ്പെടുന്നുണ്ട്. പ്രകൃതിയുടെ സ്വാധീനം മനുഷ്യരിലുണ്ടാക്കുന്ന ചിലമാറ്റങ്ങള്‍ ഈ കഥയിലും പ്രതിഫലിയ്ക്കുന്നുണ്ട്.

*കാര്‍ബണ്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം

ഒരു ഫിലോസഫി ഫോളോ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്തെങ്കിലും ഒരു ആശയം അവതരിപ്പിക്കാന്‍ സിനിമ ചെയ്യാം എന്ന വിശ്വാസക്കാരനുമല്ല ഞാന്‍, ഓരോ മനുഷ്യര്‍ക്കും രാഷ്ട്രീയമുണ്ട്, അവരുടെ പ്രവൃത്തികളിലും ചിന്തകളിലും ആ രാഷ്ട്രീയം കടന്നുവരികയും ചെയ്യും, ഈ തോന്നലാണ് എനിയ്ക്കുള്ളത്. കാര്‍ബണ്‍ മുന്നോട്ടു വയ്ക്കുന്നത് ഓരോ മനുഷ്യരുടെയും ജീവിത സാഹചര്യങ്ങളാണ്.

* സിനിമയെക്കുറിച്ച് ?

54ദിവസം കൊണ്ടാണ് കാര്‍ബ്ബണ്‍ ചിത്രീകരിച്ചത്. പല ലൊക്കേഷനുകളും വളരെയധികം കഷ്ടപ്പെട്ടാണ് കണ്ടെത്തിയത്. അവിടെ ചിത്രീകരണസംഘത്തെയും നടീനടന്മാരെയും എത്തിയ്ക്കുക എന്നതും ഏറെ പ്രയാസകരമായിരുന്നു. ഷൂട്ടിങ് നടക്കുന്ന ഏതാണ്ടെല്ലാ ദിവസങ്ങളിലും മഴയുണ്ടായിരുന്നു. അഭിനേതാക്കളും ടെക്‌നീഷ്യന്‍സും വളരെയധികം കഷ്ടപ്പെട്ടു തന്നെയാണ് കാര്‍ബണ്‍ പൂര്‍ത്തീകരിച്ചത്.

* സംവിധാനത്തെക്കുറിച്ച്?

ഞാന്‍ സഹകരിച്ച സംവിധായകരുടെയെല്ലാം സ്വാധീനം ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്റെ സിനിമയില്‍ കാണാന്‍ കഴിയും. ഒരു സബ്ജക്ട് തിരഞ്ഞെടുക്കുന്നതിലും സീന്‍ കണ്‍സീവ് ചെയ്യുന്നതിലും ആര്‍ട്ടിസ്റ്റുകളെ തീരുമാനിയ്ക്കുന്നതിലുമെല്ലാം ഈ സംവിധായകനെന്ന നിലയില്‍ എനിയ്ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.

*തിരക്കഥയെക്കുറിച്ച്?

ഞാന്‍ ആദ്യമായാണ് തിരക്കഥ രചിയ്ക്കുന്നത്. ഈ സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഒരു എഴുത്തുകാരനെ സമീപിച്ചിരുന്നു. അദ്ദേഹം കുറച്ചു തിരക്കിലാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ എഴുതിത്തുടങ്ങി. പിന്നെ ഈ സിനിമയില്‍ അത്രയേറെ ഒരു എഴുത്തുകാരന്റെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്ന് തോന്നിയില്ല. എന്‌റെ നാട്ടിലെ സംഭാഷണ രീതിയാണ് സംഭാഷണങ്ങളില്‍ അവലംബിച്ചിട്ടുള്ളത്.

*ഛായാഗ്രാഹകന്‍ സംവിധായകനാവുന്നതിനെപ്പറ്റി?

ഒരു മികച്ച ഛായാഗ്രാഹകനെ തന്നെ കാര്‍ബണിന്റെ ഛായാഗ്രാഹണം ഏല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാനകാര്യം. ബോളിവുഡിലെ പ്രശസ്തനായ കെ.യു. മോഹനനെയാണ് തെരഞ്ഞെടുത്തത്. ഞാന്‍ സിനിമയുടെ ടോട്ടാലിറ്റിയിലാണ് ശ്രദ്ധിച്ചത്.

* സാങ്കേതികപ്രവര്‍ത്തകര്‍?

കാര്‍ബണില്‍ മികവുറ്റ കലാകാരന്മാരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.

ഛായാഗ്രഹണം നിര്‍വ്വഹിച്ച കെ. യു മോഹന്‍ ബോളിവുഡിലെ ഏറ്റവും മികച്ച ക്യാമറാമാനാണ്. വിശാല്‍ ഭരദ്വാജാണ് മ്യൂസിക്ക്. ആര്‍ട്ട് ഡയറക്ഷന്‍ ജ്യോതിഷ് ശങ്കര്‍. എഡിറ്റിംഗ് ബീന.

ഛായാഗ്രാഹണമായാലും ആര്‍ട്ട് ഡയറക്ഷനായാലും ഇന്‍വിസിബിള്‍ ആര്‍ട്ടാണ് റിയല്‍ ആര്‍ട്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. കാര്‍ബണിന്റെ കലാസംവിധായകനായ ജ്യോതിഷ് ശങ്കര്‍ കെട്ടുകാഴ്ച്ചകളല്ല കാര്‍ബണിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കല എന്നു പറയുന്നത് കെട്ടുകാഴ്ച്ചയല്ല. പക്ഷെ നമ്മുടെ അവാര്‍ഡ് കമ്മറ്റിക്കാര്‍ക്ക് ഇഷ്ടം ഇത്തരം ഇന്‍വിസിബിള്‍ ആര്‍ട്ടല്ല. അവര്‍ക്ക് പ്രകടനപരതയിലാണ് താല്‍പര്യം. ജ്യോതിഷിനെപ്പോലെയുള്ളവരുടെ വര്‍ക്ക് എന്ന് പറയുന്നത് ദൈവത്തിന്റെ വര്‍ക്ക് പോലെയാണ്. ആര്‍ക്കും കാണാന്‍ കഴിയില്ല. വിഷയത്തോട് അത്രയേറെ ചേര്‍ന്നു നില്‍ക്കുന്നതാണ് യഥാര്‍ത്ഥ കലാസംവിധാനം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൗണ്ട് ഡിസൈനിംഗിലും ആര്‍ട്ടിലും സംഗീതത്തിലുമെല്ലാം പൂര്‍ണ്ണതനേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.