പ്രവാസികളായ ഇന്ത്യക്കാര്‍1.66 കോടി, പകുതിപേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍

വിദേശരാജ്യങ്ങളില്‍ പ്രവാസിയായി ജീവിക്കുന്നതില്‍ കൂടുലല്‍ പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 1.66 കോടി ഇന്ത്യക്കാരാണ് തൊഴില്‍ വിദ്യാഭ്യാസം തുടങ്ങി പല ആവശ്യങ്ങള്‍ക്കായി പ്രവാസം ജീവീതം നയിക്കുന്നത്. ഐക്യരാഷ്ട്രസഭ പുറത്ത് വിട്ട 2017 ലെ കുടിയേറ്റ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്.

തൊഴില്‍ തേടി കുടിയേറുന്നവരും അഭയാര്‍ത്ഥികളുമുള്‍പ്പെട്ടതാണ് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണ്. 33.1 ലക്ഷം പ്രവാസികളാണ് യുഎയിലുള്ളത്. 2017 ആയപ്പോഴേക്കും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. 60 ശതമാനം ഇന്ത്യക്കാരും കുടിയേറിയിട്ടുള്ളത് വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലേക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇ കഴിഞ്ഞാല്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. 23ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്.

സൗദി അറേബ്യയില്‍ 22.7 ലക്ഷം , ഒമാനില്‍ 12 ലക്ഷം, കുവൈറ്റില്‍ 11.6 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 89 ലക്ഷം ഇന്ത്യക്കാരുണ്ട്. യൂറോപ്പില്‍ 13 ലക്ഷം ഇന്ത്യക്കാരുണ്ട്. മെക്സിക്കോയാണ് കുടിയേറ്റ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1.30 കോടി പേരാണ് ലോകത്ത് മെക്സിക്കന്‍ കുടിയേറ്റക്കാരായിട്ടുള്ളത്.