പ്രവാസി ക്ഷേമനിധി ; ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കുമ്പോള്‍ അറിയേണ്ടതെല്ലാം

കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങിയിരിക്കുകയാണ്. വിദേശത്തുനിന്ന് തന്നെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ ക്ഷേമനിധിയില്‍ വരുത്തിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി തപാല്‍ മാര്‍ഗ്ഗം അയച്ചുകൊടുക്കേണ്ടിയിരുന്നു. എന്നാല്‍ മാറിയ സംവിധാനത്തില്‍ ഹാര്‍ഡ് കോപ്പികള്‍ അയക്കേണ്ട ആവശ്യമില്ല. കൂടാതെ ക്ഷേമനിധി കാര്‍ഡ് ഓണ്‍ലൈനായി പ്രിന്റ് ചെയ്‌തെടുക്കാനും ഇനിമുതല്‍ സാധിക്കും.
അംശാദായം അടയ്ക്കുന്നതുള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും ഇനിമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല, നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയും ഇപ്രകാരം അയക്കാവുന്നതാണ്.

എങ്ങനെ ഒണ്‍ലൈനായി അംഗത്വം എടുക്കാം ?

www.pravasikerala.org/onlineappln.php എന്ന വെബ്‌സെറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുള്ള പേജ് തെളിയുമ്പോള്‍, രജിസ്‌ട്രേഷന്‍ ടൈപ്പില്‍ “പ്രവാസി കേരളീയന്‍( വിദേശം) എന്ന് തിരഞ്ഞെടുക്കുക.തുടര്‍ന്ന് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക.ഇംഗ്ലീഷിലാണ് അപേക്ഷ പൂരിപ്പിക്കേണ്ടത്.
പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വീസ അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയും അപലോഡ് ചെയ്യേണ്ടതാണ്.ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിശോധനയക്ക് വിധേയമാക്കിയതിന് ശേഷമാകും അംഗത്വം രജിസ്റ്റര്‍ ചെയ്യുകയുള്ളു.
അപേക്ഷ നല്‍കിയതിനു ശേഷം വെബ്‌സൈറ്റില്‍ അപേക്ഷയുടെ പുരോഗതി പരിശോധിക്കാവുന്നതാണ്.
രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അംഗത്വ കാര്‍ഡ് പ്രിന്റ് ചെയ്യല്‍, അംശാദായം അടയ്്ക്കല്‍ എന്നിവും വെബ്‌സൈറ്റ് വഴി ചെയ്യാവുന്നതാണ്.
കെല്‍ട്രോണിന്റെ ഇ-പേ ഗേറ്റ്‌വേ സംവിധാനത്തിലൂടെയാണ് അംശാദായം അടയ്‌ക്കേണ്ടത്.

അംഗത്വത്തിന് അര്‍ഹതയുള്ളത് ആര്‍ക്കൊക്കെ ?

മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായഅല്ലെങ്കില്‍ ആറുമാസമെങ്കിലും താമസിച്ച കേരളീയര്‍, വിദേശത്തു ജോലി ചെയ്യുന്നവര്‍, വിദേശത്തു രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു നാട്ടില്‍ വന്നു സ്ഥിരതാമസമാക്കിയവര്‍, എന്നിവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹതയുണ്ടാവുക.

ക്ഷേമനിധിയില്‍ അംഗമാകുന്നതോടെ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍

അറുപത് വയസ്സുവരെ മുടങ്ങാതെ അംശാദയം അടച്ചവര്‍ക്ക് 2000 രൂപ പ്രതിമാസ പെന്‍ഷന്‍. അംശാദായം അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ അടച്ചിട്ടുണ്ടെങ്കില്‍ കുറഞ്ഞ പെന്‍ഷന്റെ മൂന്നു ശതമാനം കൂടുതലായി ലഭിക്കും. അധികമായി അടച്ച ഓരോ വര്‍ഷത്തിനും പെന്‍ഷനില്‍ വര്‍ധനയുണ്ടാകും. കുറഞ്ഞ പെന്‍ഷന്റ ഇരട്ടിയാണ് പരമാവധി ലഭിക്കുന്ന പെന്‍ഷന്‍.അംഗത്വം എടുത്തയാള്‍ മരണപ്പെടുമ്പോള്‍ കുടുംബത്തിന് പെന്‍ഷനും ധനസഹായവും ലഭിക്കുന്നതാണ്.

Read more

അംശാദായം മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി അടച്ചശേഷം ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍ സാമ്പത്തിക സഹായം നല്‍കും. ചികിത്സാ സഹായധനമായി 50000 രൂപ വരെയാണ് ലഭ്യമാകുക
വിവാഹം, പ്രസവം, വിദ്യാഭ്യാസം,എന്നിവയ്ക്കും പ്രവാസി ക്ഷേമനിധിയില്‍നിന്ന് സഹായം ലഭിക്കുന്നതാണ്.