'ഇന്ത്യക്ക് ഓക്സിജൻ വേണം'; കാമ്പെയ്ൻ പാകിസ്ഥാനിൽ ടോപ്പ് ടെന്നിൽ, ആഗോളസമൂഹത്തിൽ വൻ സ്വീകാര്യത. 

പാകിസ്ഥാനിൽ ട്രെൻഡിംഗ് ആയി മാറിയ ഇന്ത്യക്ക് ഓക്സിജൻ വേണം എന്ന ഹാഷ് ടാഗിന് വിവിധ രാജ്യങ്ങളിൽ വൻ സ്വീകാര്യത. ഇന്ത്യ- പാക് പതാകകൾ ചേർന്നിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട്  നിരവധി പേർ  പാക് ഭരണകൂടത്തോട് ഇന്ത്യക്കുവേണ്ടി ഓക്സിജൻ ലഭ്യമാക്കാൻ ആവശ്യപ്പെടുന്ന   #IndiaNeedsOxygen ഹാഷ് ടാഗാണ്  ലോകമെങ്ങും പ്രചരിക്കുന്നത്. പരമ്പരാഗത ശത്രുത മറന്ന് മനുഷ്യരാകാനുള്ള ആഹ്വാനം ഇന്ത്യയിലും തരംഗമായി.

“ഏറ്റവും വേഗത്തിൽ രോഗം പടരുന്ന രാജ്യം ഇന്ത്യയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അതിന്റെ വേഗം ഇതുവരെ രേഖപ്പെടുത്തിയത് റെക്കോഡാണ് .   ഓക്സിജന്റെ പോരായ്മയാണ് ആ രാജ്യത്തെ ഇപ്പോൾ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നത്. ചൈന സഹായവാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവർ എത്ര വേഗത്തിൽ അത് നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. പിന്നീടുള്ളത്  ഏറ്റവും സമീപരാജ്യമായ പാകിസ്ഥാനാണ്. സമൂഹ മാധ്യമങ്ങളിൽ പാകിസ്ഥാനികൾ  പങ്കുവെച്ചിട്ടുള്ള ആവശ്യം ഭരണകൂടം പരിഗണിച്ചാൽ ഒരളവുവരെ ദുരന്തത്തിന്റെ വ്യാപ്തി കുറയും. രോഗം പടരുന്ന സാഹചര്യത്തിൽ  ഇമ്രാൻ ഖാൻ അടിയന്തിര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട് ” അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

“ഇന്ത്യയിൽ നിന്നും ഹൃദയഭേദകമായ വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഇനിയും നമുക്കത് കാണാൻ ഇടവരാതിരിക്കട്ടെ. എല്ലാം  ശുഭകരമാകുമെന്ന് നമുക്ക് പ്രാർത്ഥിക്കാം .” പാക് മാധ്യമ പ്രവർത്തകനും പോളിസി അനലിസ്റ്റുമായ റാസ അഹമ്മദ് റൂമി ട്വിറ്ററിൽ എഴുതി.

കറാച്ചിയിലെ  മനുഷ്യാവകാശ സംഘടനയായ ബിൽക്കീസ് ഈദി ഫൗണ്ടേഷൻ   ഇന്ത്യക്ക് ഉടനെ സഹായമെത്തിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. സംഘടനയുടെ പ്രസിഡന്റ് ഫൈസൽ ഈദി തന്റെ അമ്പത് ആംബുലൻസുകളും മെഡിക്കൽ സംഘവുമായി ഇന്ത്യക്കുള്ളിൽ പ്രവേശിക്കുന്നതിന് പ്രധാനമന്ത്രി നരേദ്രമോദിയുടെ  അടിയന്തിര അനുവാദം തേടി കാത്തിരിക്കുകയാണ്.

ഗൾഫിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക്  പാകിസ്ഥാനികളെ കുറിച്ച് ധാരാളം കഥകൾ പറയാനുണ്ടാകും. പ്രാഥമിക വിദ്യാഭ്യാസം  പോലും ലഭിക്കാത്ത  മാടുകളെ പോലെ പണിയെടുക്കുന്നവർ മുതൽ അതിബുദ്ധിമാന്മാരായ ടെക്കികൾ വരെ. പക്തൂണിസ്ഥാൻ, പഞ്ചാബ്, ബലൂചിസ്ഥാൻ, സിന്ധ്, കശ്മീർ ഇങ്ങനെ നിരവധി പ്രാദേശിക ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന പാകിസ്ഥാനികളിൽ വിഭജനകലാപത്തിന്റെ ഓർമ്മകൾ പേറുന്ന  അതിർത്തിപ്രദേശങ്ങളിലാണ് ഇന്ത്യവിരുദ്ധ മനോഭാവം കാണപ്പെടുന്നത്.

എന്നാൽ മുൻവിധിയോടുകൂടെ പരസ്പരം ഗൾഫിൽ വെച്ച് കണ്ടുമുട്ടുന്ന ഇരു രാജ്യക്കാരും പിന്നീട് സൗഹൃദത്തിലാകുകയാണ് പതിവ്. തങ്ങൾ തമ്മിൽ ശത്രുക്കളാണെന്നുള്ള ധാരണയുണ്ടാകുന്നത് രാഷ്ട്രീയക്കാരുടെ മാത്രം ആവശ്യമാണെന്നു സാധാരണ പറയാറുള്ള പാക് തൊഴിലാളികൾ അതിർത്തിപ്രശ്നം സംസാരിച്ചാൽ ” ബഡെ ലോഗോം കി ബാത്ത്”  എന്നു പറഞ്ഞൊഴിവാകാറാണ് പതിവ്.