സംജോത എക്‌സ്പ്രസും പരപ്പന അഗ്രഹാര ജയിലും തമ്മില്‍ എന്ത്?

സംജോത എക്‌സ്പ്രസ്സ് സ്‌ഫോടനക്കേസില്‍ ഒടുവില്‍ വിധി വന്നിരിക്കുന്നു. മുഖ്യ പ്രതി അസീമാനന്ദ ഉള്‍പ്പടെ നാലു പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഈ വിധിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാം. നിരവധി പാകിസ്ഥാന്‍കാര്‍ ഉള്‍പ്പടെ 68 പേര്‍ കൊല്ലപ്പെട്ട കേസിലെ വിധിയില്‍ പാക്കിസ്ഥാന്‍ അസംതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ വിചാരണ നീണ്ടു പോകുന്നത് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ ചെറുതായി കാണരുത്. സംജോത സംഭവം ഉണ്ടായത് 2007 ലാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. സമാനമായ രീതിയില്‍ 2010 മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ് അബ്ദുല്‍ നാസര്‍ മദനി. നാലു മാസം കൊണ്ട് വിചാരണ പൂര്‍ത്തീകരിക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിട്ട് നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതുപോലെ തന്നെ എല്ലാ കേസിലും സി ബി ഐ അന്വേഷണം എന്ന ആവശ്യം അര്‍ത്ഥശൂന്യമാണ്. എന്‍ ഐ എ, സി ബി ഐ തുടങ്ങിയ ഏജന്‍സികള്‍ കേസന്വേഷണത്തില്‍ വേണ്ടത്ര ഫലപ്രദമല്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് സംജോത കേസിലെ വിധി.