ടോയ്‌ലറ്റ് സൗകര്യം ആവശ്യപ്പെട്ട വിദേശ വനിതയോട് ‘ഞങ്ങളുടെ കസ്റ്റമേഴ്‌സിന് മാത്രമെ നല്‍കുകയുള്ളുവെന്ന്’ പെട്രോള്‍ പമ്പുടമ; സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധം- വീഡിയോ

വനിത ഉള്‍പ്പെടെയുള്ള വിദേശ സഞ്ചാരികള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ച പെട്രോള്‍ പമ്പുടമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം. പൊന്‍കുന്നത്തുള്ള എസ് ആര്‍ പെട്രോള്‍ പമ്പുടമയ്‌ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ടോയ്‌ലറ്റ് സൗകര്യം ആവശ്യപ്പെട്ട വിദേശ വനിതയോട് ഇവിടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മാത്രമെ പ്രാഥമികകൃത്യ നിര്‍വഹണത്തിനുള്ള സൗകര്യമുള്ളുവെന്നാണ് പമ്പ് ഉടമ പറയുന്നത്. ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍ സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതോടെയാണ് സംഭവം വിവാദമായത്.

പ്രധാനപാതകളിലെ പെട്രോള്‍ പമ്പുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം നിര്‍ബന്ധമായി നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പെട്രോള്‍ പമ്പുടമയുടെ നടപടി. എല്ലാ കമ്പനികളുടെ പെട്രോള്‍ പമ്പുകളിലും ടോയ്‌ലെറ്റ് സൗകര്യം നല്‍കുന്നുണ്ടെന്ന് ടാക്‌സി ഡ്രൈവര്‍ പറഞ്ഞപ്പോള്‍ പമ്പുടമ ഇവിടെ അത് പറ്റില്ലെന്നും ഞങ്ങളാണ് കാശ് കൊടുത്ത് വെള്ളമടിക്കുന്നതെന്നും പറയുന്നു. ടോയ്‌ലറ്റ് സൗകര്യം കൊടുക്കുന്നത് ഞങ്ങളുടെ കസ്റ്റമേഴ്‌സിന് മാത്രമാണെന്ന് പമ്പ് ഉടമ വിദേശ വനിതയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. നീ വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ട് എന്താന്ന് വെച്ചാ ഉണ്ടാക്കെന്നും പമ്പുടമ ധിക്കാരത്തോടെ പറയുന്നുണ്ട്.

പമ്പുടമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷമാണ്. ഇത്തരം പമ്പുകള്‍ക്കെതിരെ സര്‍ക്കാരിന് പരാതി നല്‍കി വേണ്ട നടപടിയെടുക്കണമെന്നും അടച്ചുപൂട്ടണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിദേശികള്‍ക്ക് മുന്നില്‍ വെച്ച് കേരളീയരെ നാണംകെടുത്തിയെന്ന് നിരവധി പേര്‍ പറയുന്നു. ഇത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ കേരളത്തിലെ കാണുകയുള്ളൂവെന്നും ചിലര്‍ പറയുന്നു. നിന്റയൊക്കെ മനസ് കക്കൂസിനെക്കാള്‍ മ്ലേച്ചമാണ് എന്നും കമന്റുകളുണ്ട്.

കടമായിട്ട് ഡീസലോ,പെട്രോളോ,അല്ലല്ലോ ചോദിച്ചത്..ഒന്ന് മൂത്രമൊഴിക്കട്ടെ എന്നല്ലേ..വിദേശികളുമായി വന്ന ടാക്സി ഡ്രൈവർ എടുത്ത വീഡിയോ..പൊൻകുന്നം SR പമ്പ്

Posted by Mujeeb Ali on Sunday, 3 March 2019