റെയില്‍വേ ട്രാക്കിന്റെ മധ്യത്തില്‍ കിടന്ന് യുവാവിന്റെ സാഹസിക വീഡിയോ ഒടുവില്‍ പുലിവാലായി

മറ്റുള്ളവരുടെ കൈയ്യടി നേടാന്‍ പല സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ കണ്ടിട്ട് അത് സാഹസികതയ്ക്ക് അപ്പുറം ഒരു അഹങ്കാരമല്ലേയെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

റെയില്‍വേ ട്രാക്കിന്റെ മധ്യത്തില്‍ ഒരു കശ്മീര്‍ യുവാവ് കമിഴ്ന്ന് കിടക്കുന്നു. തൊട്ടു മുന്നിലായി ചീറിപാഞ്ഞു വരുന്ന തീവണ്ടിയും കാണാം. തീവണ്ടി കടന്നുപോയ ശേഷം യുവാവ് പരിക്കുകളൊന്നും ഏല്‍ക്കാതെ വിജയശ്രീലാളിതനായി തിരിച്ച് വരുന്നതാണ് വീഡിയോ. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ പങ്കുവയ്ച്ചത്. എന്നാല്‍, പ്രതീക്ഷിച്ചതിന് വിരുദ്ധ പ്രതികരണമാണ് ഇത് ഉണ്ടാക്കിയത്.

ഈ സാഹസികതക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തു വന്നു. അവിവേകം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇയാള്‍ക്കും സഹായിക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യം. ഇത് പ്രചരിപ്പിക്കരുതെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളും അറിയിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.