‘വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു, ഭീഷണിയിലൂടെ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസം’; മാധവ് സുരേഷ്
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിലും അക്രമങ്ങളിലും രൂക്ഷമായി പ്രതികരിച്ച് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. ഭീഷണിയിലൂടെ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസമാണെന്ന് മാധവ് സുരേഷ് പറയുന്നു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും മാധവ് സുരേഷ് ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ സന്ദേശമയച്ച വ്യക്‌തിക്ക് നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് മാധവ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ വളരെ മോശമാണെന്ന് മാധവ് കുറിച്ചു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നേരെ അമിതബലപ്രയോഗം നടത്തുമ്പോൾ, പ്രതിപക്ഷം സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ ഉപയോഗിക്കുകയാണെന്ന് മാധവ് പറഞ്ഞു. ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള ഈ പോരാട്ടത്തിൽ ഒടുവിൽ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണക്കാരാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാധവ് സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്‌റ്റോറിൽ കുറിച്ചു.
മാധവിന്റെ വാക്കുകൾ
ഇവിടെ സംഭവിക്കുന്നതൊക്കെ വളരെ മോശമായ കാര്യങ്ങളാണ്! നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ, നമ്മുടെ രാജ്യത്തിൻ്റെ ഭാവിയായവർക്ക് നേരെ അമിതബലപ്രയോഗം നടത്തുന്നു. അധികാരത്തിലുള്ള ഭരണകൂടത്തിന് ആരോഗ്യകരമായ ഒരു മത്സരം നൽകേണ്ടവർ, സ്വന്തം കാര്യങ്ങൾ നേരെയാക്കുന്നതിന് പകരം സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ കൃത്രിമമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഏത് വഴിയായാലും, ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീപുരുഷന്മാരാണ് ഒടുവിൽ തോറ്റുപോകുന്നത്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും. ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, എങ്കിലും ഇപ്പോൾ അത് വളരെ അസാധ്യമാണെന്നാണ് തോന്നുന്നത്. എപ്പോഴും ഇന്ത്യ മാത്രം ഒന്നാമത്, എപ്പോഴും!!! എന്നിൽ നിന്ന് ഒരു നിഷ്പക്ഷമായ അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന ഒരു സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ, നിങ്ങളെ നിരാശപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്! കണ്ണുതുറന്ന് ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു കൂട്ടർ വിദ്യാർഥികളെ ആക്രമിക്കുമ്പോൾ, മറു കൂട്ടർ അവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ശരിക്കും ആശങ്കയുണ്ടെങ്കിൽ, ഇതിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ലായിരുന്നു. ഓരോ ഇന്ത്യക്കാരനും ഇത് മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു! ഒരു പ്രതിഷേധത്തെ നിർബന്ധിച്ച് പിന്തുണപ്പിക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, മിണ്ടാതിരിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ്. കാരണം, ഭീഷണിയിലൂടെയോ നിർബന്ധത്തിലൂടെയോ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസത്തിന്റെ വ്യക്‌തമായ അടയാളമാണ്. പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി. ആവശ്യമില്ലാത്ത പരുക്കൻ സന്ദേശങ്ങൾക്ക് അതേ രീതിയിൽ തന്നെ മറുപടി നൽകുന്നതായിരിക്കും. ബിജെപിയോടുള്ള തങ്ങളുടെ വെറുപ്പ് ഇന്ത്യയോടുള്ള സ്നേഹത്തേക്കാൾ വലുതാണെന്ന് ഒരാൾ എന്നോട് പറയുകയുണ്ടായി. ദയവായി അങ്ങനെയാകരുത്.
പിന്നെ അവസാനമായി ഒരു കാര്യം കൂടി. ഞാൻ അരാഷ്ട്രീയവാദിയാണ്. സ്വന്തം താൽപ്പര്യങ്ങളേക്കാൾ രാജ്യത്തിന് മുൻഗണന നൽകുന്ന അനുയോജ്യമായ ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ രൂപപ്പെടുന്നത് വരെ ഞാൻ അങ്ങനെ തന്നെ തുടരുകയും ചെയ്യും.” മാധവ് സുരേഷ്‌ഗോപി കുറിച്ചു.
‘അങ്ങനെ നല്ല ഒരു തുടക്കം എന്തായാലും കിട്ടിയിട്ടുണ്ട്, കള്ളങ്ങൾ ഓരോന്നായിട്ടു എനിക്ക് തെളിയിക്കാൻ പറ്റും’; റോബിൻ രാധാകൃഷ്ണനെതിരെ വേദ് ലക്ഷ്മി
‘ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്