Wednesday, 19 August 2026
‘Honest storytelling is a powerful means of change
09:58:09 AM IST
Celebrity Talk

‘ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറി’; നിലപാട് വ്യക്തമാക്കി കങ്കണ റണാവത്ത്

SHARE

പഴയ പാർട്ടി വീഡിയോകൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഒരുകാലത്ത് താൻ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നുവെന്നും പാർട്ടികളിൽ പങ്കെടുത്തതടക്കമുള്ള കഴിഞ്ഞകാലം നിഷേധിക്കുന്നില്ലെന്നും പറഞ്ഞ കങ്കണ, ഇന്ന് ബിജെപി–ആർഎസ്എസ് ആശയങ്ങളോട് ചേർന്ന ‘ഉണർന്നതും അച്ചടക്കമുള്ളതുമായ ഹിന്ദു’വായി മാറാനുള്ള അവകാശം തനിക്കുണ്ടെന്ന് വ്യക്തമാക്കി.

ഹിന്ദു പെൺകുട്ടികൾക്കും സ്വന്തം ജീവിതപാതയും വിശ്വാസങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും, എന്നാൽ സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും അനിവാര്യമാണെന്നുമാണ് കങ്കണയുടെ നിലപാട്. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം നിലപാട് പങ്കുവെച്ചത്. തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വിമർശനങ്ങളെ പ്രതിരോധിക്കാൻ താനില്ലെന്നും എന്നാൽ, കൂടുതൽ വ്യക്തമായൊരു പാതയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ‘അതെ, ഞാൻ മിതവാദിയായ ഒരു ഹിന്ദുവായിരുന്നു. ഞാൻ എന്നുമുതലാണ് സംഘിയായതെന്ന് ആളുകൾ ചോദിക്കുന്നു. എനിക്കൊരു സംഘിയാകണം. ബി.ജെ.പി., ആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം’, കങ്കണ പറഞ്ഞു.

രാഷ്ട്രീയത്തിലും മതത്തിലും പ്രത്യയശാസ്ത്രപരമായ നിലപാടില്ലാത്തതിന് ചലച്ചിത്രമേഖലയിലെ പേര് പരാമർശിക്കാത്ത ചിലരേയും അവർ പരോക്ഷമായി വിമർശിച്ചു. ‘അവർ ഹിന്ദുക്കളാണെങ്കിലും രാഷ്ട്രീയത്തിലോ മതത്തിലോ അവർക്കൊരു പ്രത്യയശാസ്ത്രമില്ലെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അവർ തികച്ചും നിഷ്‌പക്ഷരായിരിക്കും. എന്നാൽ, ഇസ്ലാമിസ്റ്റുകളുമായി സമ്പർക്കത്തിൽ വരുമ്പോൾ, അവരുടെ ചിന്താഗതികൾ മാറുകയും അവർ ഇടതുപക്ഷക്കാരായി തീരുകയും ചെയ്യുന്നു’, കങ്കണ ആരോപിച്ചു.

ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ ഭരണഘടന അവർക്ക് സ്വാതന്ത്ര്യം നൽകുന്നതിനാൽ അതിൽ തെറ്റില്ലെന്നും എന്നാൽ, ഇതേ സ്വാതന്ത്ര്യം ഹിന്ദു സ്ത്രീകൾക്കും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മുൻപ് താൻ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഐറ്റം നമ്പറുകൾക്കെതിരെയോ തുല്യവേതനത്തിന് വേണ്ടിയോ ഒന്നും സംസാരിച്ചിട്ടില്ലെന്നുമുള്ള വിമർശനങ്ങൾ കങ്കണ അംഗീകരിക്കുന്നു. എന്നാൽ, ആ പാതകളിൽനിന്ന് മാറി കൂടുതൽ അച്ചടക്കമുള്ള ഒരു ഹൈന്ദവ പാത സ്വീകരിക്കുന്നതിൽനിന്ന് തന്നെ ആർക്കും തടയാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →