‘ഹൃതിക് റോഷൻ , നിങ്ങൾ വെറുതെ എരി തീയിൽ എണ്ണയൊഴിക്കരുത്, നിങ്ങളുടെ ഈ സ്വഭാവം പങ്കാളിയെയും നാണംകെടുത്തും’; കങ്കണ റണൗട്ട്
വർഷങ്ങളായി നിലനിൽക്കുന്ന തർക്കവുമായി ബന്ധപ്പെട്ട് നടൻ ഹൃതിക് റോഷൻ നടത്തിയ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണൗട്ട്. ഹൃതിക് റോഷൻ കഴിഞ്ഞ അഞ്ച് വർഷമായി നടിയും ഗായികയുമായ സബ ആസാദുമായി ബന്ധത്തിലാണ്. കങ്കണയുമായുള്ള പഴയ വിവാദത്തെക്കുറിച്ച് താരം പൊതുവേദിയിൽ പ്രതികരിക്കുന്നത് വളരെ അപൂർവമായാണ്. ഇപ്പോഴത്തെ പ്രതികരണവും അതിന് പിന്നാലെയുണ്ടായ കങ്കണയുടെ മറുപടിയും വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്‌റ്റിനോട് ഹൃതിക് പ്രതികരിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് കങ്കണ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ തൻ്റെ വിമർശനം ഉന്നയിച്ചത്. തനിക്ക് നേരെ നടക്കുന്ന സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും ഹൃതിക്കിനോട് കങ്കണ ആവശ്യപ്പെട്ടു. 2016-ലാണ് ഹൃതിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള വിവാദം പൊതുശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ ഹൃതിക്കിനെ ‘എൻ്റെ മുൻ കാമുകൻ’ എന്ന് കങ്കണ വിശേഷിപ്പിച്ചതിന് പിന്നാലെ ഇരുവരും പരസ്പരം നിയമനടപടികൾ സ്വീകരിക്കുകയും വിവാദം വർഷങ്ങളോളം നീളുകയും ചെയ്തു.
കങ്കണയുടെ വാക്കുകൾ
“പ്രിയപ്പെട്ട ഹൃതിക്, നിങ്ങൾക്ക് പറ്റിയ ഒരു പങ്കാളിയെ കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. സബ ആസാദും നിങ്ങളും ഒരുമിച്ച് കാണുമ്പോൾ നല്ല സന്തോഷത്തിലാണല്ലോ. ഇപ്പോൾ നിങ്ങളൊരു കമിറ്റഡ് റിലേഷൻഷിപ്പിലാണ്. അങ്ങനെയുള്ളപ്പോൾ ഇതുപോലെ ഒരു സ്ത്രീയെ കളിയാക്കുന്നത് നിങ്ങളെപ്പോലൊരാൾക്ക് ഒട്ടും ചേർന്നതല്ല. നിങ്ങളുടെ പേര് പറഞ്ഞ് എന്നെ നിരന്തരം ആക്രമിക്കുകയും ബുള്ളി ചെയ്യുകയും ചെയ്യുന്നവരെ നിങ്ങൾ തന്നെ തടയണം. വെറുതെ എരി തീയിൽ എണ്ണയൊഴിക്കുന്ന പോലുള്ള ഇത്തരം പരിപാടികൾ അവസാനിപ്പിക്കു. നിങ്ങളുടെ പങ്കാളിയെയും ഇതിലേക്ക് വലിച്ച് അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്. നിങ്ങളുടെ ഈ സ്വഭാവം ആ പങ്കാളിയെയും നാണംകെടുത്തും. കുറച്ചുകൂടി പക്വതയോടെ നിങ്ങൾ ഇതിനെയൊക്കെ സമീപിക്കുമെന്ന് കരുതുന്നു.”
സിജെപി വിദ്യാർഥി പ്രതിഷേധത്തെ അപമാനിച്ച് കങ്കണ പറഞ്ഞ ചില പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സിജെപി വക്‌താവ് സൗരവ് ദാസിന്റെ മറുപടിയായിരുന്നു ഇതിൽ വ്യാപക ശ്രദ്ധനേടിയത്. ഹൃതിക് റോഷനെ പരാമർശിച്ചുള്ള സൗരവ് ദാസിൻ്റെ മറുപടിയാണ് വൈറലായത്. “എന്നെക്കാണാൻ ഹൃതിക് റോഷനെ പോലയാണിരിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്, അതാണോ കങ്കണയുടെ പ്രശ്‌നം” എന്നായിരുന്നു സൗരവിന്റെ ചോദ്യം. പിന്നാലെ, സാമൂഹികമാധ്യമങ്ങളിൽ ‘സോറി ഹൃത്വിക്’ എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ് ആയി. മുൻപ് കങ്കണയും ഹൃതിക് റോഷനും തമ്മിൽ നടന്ന തുറന്നപോരിനെ സൂചിപ്പിച്ചായിരുന്നു പോസ്റ്റുകൾ.
‘സോറി ഹൃതിക്’ ഹാഷ്‌ടാഗ് ട്രെൻഡ് ആയതോടെ പ്രതികരണവുമായി ഹൃതിക് റോഷനുമെത്തി. നടിയെ വിമർശിക്കുന്നതോ തന്നെ പിന്തുണയ്ക്കുന്നവരെ സാധൂകരിക്കുന്നതോ ആയിരുന്നില്ല ഹൃതിക്കിന്റെ മറുപടി. “ഒരാളെ ഇഷ്‌ടമല്ലെന്ന് കരുതി അടുത്തയാളുടെ പക്ഷം പിടിക്കുന്നത് നമ്മുടെ സമൂഹത്തിലെ വലിയൊരു പ്രശ്‌നമാണ്. കാര്യങ്ങളൊക്കെ മനസ്സിലാക്കി ശരിയായ സമയത്ത് വരുന്ന അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കും. അതാണ് യഥാർഥ നീതി. പക്ഷേ ഇക്കാലത്ത് അതൊക്കെ ആരു നോക്കാനാണ്?” എന്നായിരുന്നു ഹൃത്വിക്കിൻ്റെ പ്രതികരണം.
നടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, വീണ്ടും ബ്ലാക്മെയിൽ ചെയ്ത് പീഡനം’; സംവിധായകൻ അറസ്റ്റിൽ
അവസരങ്ങൾ കുറവായതുകൊണ്ട് ഡാൻസ് ചെയ്യുന്നു എന്ന് പരിഹാസം; ട്രോളുകൾക്ക് മാസ്സ് മറുപടിയുമായി കീർത്തി സുരേഷ്