Sunday, 9 August 2026
‘Honest storytelling is a powerful means of change
04:28:47 PM IST
National

പെല്ലറ്റ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്, തെളിവുകളുമായി 28കാരൻ; ജന്തർ മന്തറിലെ മാർച്ചിനിടെ ശരീരത്തിലാകെ മുറിവേറ്റതായി ആരോപണം

SHARE

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20ന് ജന്തർ മന്തറിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ തനിക്ക് നേരെ പെല്ലറ്റ് ആക്രമണം ഉണ്ടായതായി 28കാരനായ യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തനിക്ക് നേരെ പെല്ലറ്റ് തോക്ക് ചൂണ്ടിയെന്നും അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുതുകിലും കൈകളിലുമായി ഏകദേശം 30ഓളം മുറിവുകൾ ഏറ്റെന്നും യുവാവ് പറഞ്ഞു.

തുടക്കത്തിൽ അന്തരീക്ഷത്തിലേക്ക് കണ്ണീർവാതകം പ്രയോഗിച്ച പൊലീസ് പിന്നീട് പ്രതിഷേധക്കാർക്ക് നേരെയും നേരിട്ട് കണ്ണീർവാതക പ്രയോഗം നടത്തിയെന്നാണ് യുവാവിന്റെ ആരോപണം. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിൽ പെല്ലറ്റ് അവശിഷ്ടങ്ങൾ തറച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

എന്നാൽ തങ്ങളുടെ കൈവശം പെല്ലറ്റ് തോക്കുകൾ ഇല്ലെന്നും അവ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു. ഡൽഹി പൊലീസിന് പുറമെ കേന്ദ്ര സേനയായ റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്ത് വിന്യസിച്ചിരുന്നു.

വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചതിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കെതിരെ അമിതമായ ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള ഹർജികളിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും പൊലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →