Wednesday, 19 August 2026
‘Honest storytelling is a powerful means of change
11:06:13 AM IST
Kerala

ബിജെപിയെ മുന്‍നിര്‍ത്തി വിരട്ടലും വിലപേശലും നടത്തേണ്ട, ബിജെപിയില്‍ നിന്ന് വല്ലതും കിട്ടുമെങ്കില്‍ വാങ്ങിയെടുത്താല്‍ മതിയെന്ന് പി സി ജോര്‍ജിനോടും ഷോണിനോടും ഹൈബി ഈഡന്‍

ന്യൂസ് ഡെസ്ക് 11 April 2026, 5:52 pm
SHARE

ബിജെപിയെ മുന്‍നിര്‍ത്തി വിരട്ടലും വിലപേശലും നടത്തേണ്ടെന്നും ബിജെപിയില്‍ നിന്ന് വല്ലതും കിട്ടുമെങ്കില്‍ വാങ്ങിയെടുത്താല്‍ മതിയെന്നും പി.സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന്റെ മറുപടി. ക്രൈസ്തവരെയും മുസ്ലിങ്ങളെയും തമ്മില്‍ തല്ലിക്കാനുള്ള ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തവരാണ് പി.സിയും ഷോണ്‍ ജോര്‍ജുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

പരാജയ ഭീതിയില്‍ വിറളി പൂണ്ടാണ് കത്തോലിക്കാ സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ ഇരുവരും നിരന്തരം അധിക്ഷേപം ചൊരിയുന്നതെന്നും ഹൈബി പറഞ്ഞു. ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടും ഇത് തന്നെയാണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും എറണാകുളം എംപി ഹൈബി ഈഡന്‍ പറഞ്ഞു.

എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് നടത്തിയത്, ബില്‍ മാറ്റി വയ്ക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ഹൈബി ചൂണ്ടിക്കാട്ടി. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ന്യൂനപക്ഷ വേട്ട തുടരുകയാണ്. ക്രൈസ്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ രാജീവ് ചന്ദ്രശേഖറിന്റെയോ ബിജെപിയുടെയോ ഔദാര്യം ആവശ്യമില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ക്രൈസ്തവ സ്ഥാപനങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ സംരക്ഷണം കൊടുക്കുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കേരളത്തില്‍ ഒരു സീറ്റ് പോലും ഇല്ലാത്ത പാര്‍ട്ടി ദേശീയതലത്തിലെ അധികാരത്തിന്റെ ഹുങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. മുസ്ലിം-ക്രൈസ്തവ വിഭജനവും വര്‍ഗീയതയും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവരാണ് പി.സിയും ഷോണ്‍ ജോര്‍ജും. ഷോണ്‍ ജോര്‍ജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡല്‍ഹിയില്‍ അമിത് ഷായുടെയും മോദിയുടെയും വിരുന്നില്‍ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിന്റെ ആനുകൂല്യം പറ്റുകയാണ് ഷോണ്‍ ചെയ്യുന്നതെന്നും ഹൈബി ആരോപിച്ചു.

മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്നു പറഞ്ഞ് ബിജെപിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോണ്‍ അടക്കമുള്ളവര്‍ ചെയ്തത്. ബിജെപിയുടെ കരുണയില്‍ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുളള ശ്രമം കയ്യില്‍ വച്ചാല്‍ മതിയെന്നും എഫ്‌സിആര്‍എ ദേദഗതി ബില്‍ പിന്‍വലിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →