Wednesday, 19 August 2026
‘Honest storytelling is a powerful means of change
10:29:48 AM IST
Kerala

ഹരിതകർമസേനയ്ക്ക് ഇനി പച്ചയ്ക്കു പകരം ‘കാവി’, കേന്ദ്ര തീരുമാനമെന്ന് മേയർ; തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനത്തിൽ അതൃപ്തി

SHARE

തലസ്ഥാനത്തെ ഹരിതകർമ സേനാംഗങ്ങളുടെ പരമ്പരാഗത യൂണിഫോം നിറം ബിജെപി ഭരണസമിതി മാറ്റിയത് വ്യാപകമായ അതൃപ്തിക്ക് കാരണമായി. രൂപീകരണക്കാലം മുതൽക്കേ സേനാംഗങ്ങൾ ധരിച്ചിരുന്ന പച്ച കോട്ടുകൾക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകളാണ് കോർപ്പറേഷൻ ഇപ്പോൾ വിതരണം ചെയ്തിരിക്കുന്നത്.

രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് തിരുവനന്തപുരം മേയർ വി. വി രാജേഷ് വ്യക്തമാക്കുന്നത്. അതേസമയം, ബിജെപി അധികാരത്തിലെത്തിയ ശേഷം കാവിവൽക്കരണമെന്നാണ് ഉയരുന്ന ആരോപണം.

വീടുകൾ തോറുമെത്തി മാലിന്യശേഖരണം നടത്തുന്ന ഇവരെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ ഈ പച്ച നിറമാണ് സഹായിച്ചിരുന്നതെന്നും നിറം പെട്ടെന്ന് മാറ്റിയതിനോട് പൊരുത്തപ്പെടാനാകില്ലെന്നും ഇവർ പറയുന്നു. 2017-ൽ ഹരിതകേരളം മിഷൻറെ കീഴിൽ ഹരിതകർമസേന രൂപീകൃതമായ കാലം മുതൽ പച്ചനിറത്തിലുള്ള കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം.

കാവി നിറത്തിലുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയാണ് കോർപ്പറേഷൻ നൽകിയ പുതിയ കിറ്റിലുള്ളത്. തുടക്കത്തിൽ പുത്തൻ യൂണിഫോമിനോട് വിമുഖത കാണിച്ച് പലരും ഇത് കൈപ്പറ്റാൻ വിസമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് അധികാരികളുടെ കർശന നിർദേശത്തെത്തുടർന്ന് ഇവ വാങ്ങിയിട്ടുണ്ടെന്നും ചിലർ ധരിച്ച് ജോലി തുടങ്ങിയിട്ടുണ്ടെന്നും ഹരിത കർമ സേനയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര സർക്കാരാണ് യൂണിഫോം കോഡ് നിശ്ചയിച്ചത് എന്നും അതിനാലാണ് മാറ്റം വരുത്തിയതെന്നുമാണ് മേയർ പറയുന്നത്. എന്നാൽ മറ്റ് കോർപ്പറേഷനുകളിലൊന്നും തീരുമാനമെടുത്തിട്ടില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →