22കാരിയായ യുഎഇ സ്വദേശിനി സഹോദരിക്ക് വൃക്ക ദാനം ചെയ്തു

22 കാരിയായ യുഎഇ സ്വദേശിനി സഹോദരിക്ക് വൃക്ക ദാനം ചെയ്തു. യുഎഇ സ്വദേശിനിയായ ശ്യാമ അല്‍ഹബ്‌സിയാണ് വൃക്ക ദാനം ചെയ്തത്. ശ്യാമയുടെ സഹോദരിയായ 27 വയസ്സുകാരി ഫാത്വിമയുടെ ഇരുവൃക്കളും തകരാറിലായിരുന്നു. രണ്ടു വര്‍ഷമായി ഫാത്വിമ ഡയാലിസിസ് നടത്തി വരികയായിരുന്നു. വൃക്ക മാറ്റിവയ്ക്കുന്നത് അല്ലാതെ വേറെ മാര്‍ഗമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് സഹോദരിക്ക് വൃക്കദാനം ചെയ്യാന്‍ ശ്യാമ അല്‍ഹബ്‌സി തീരുമാനിച്ചത്.

അബുദാബിയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്. ഗുരുതര രോഗം ബാധിച്ച സഹോദരിക്ക് വൃക്ക ദാനം ചെയ്യുന്നതിനെപ്പറ്റി രണ്ടുതവണ ചിന്തിച്ചില്ലെന്ന് ശ്യാമ അല്‍ഹബ്‌സി പറഞ്ഞു.

ഫാത്വിമ എല്ലാദിവസവും ഡയാലിസിസിനു പോകുമായിരുന്നു. ഞാനും അവളുടെ കൂടെ പോകുമായിരുന്നു. ദിവസവും മണിക്കൂറുകളാണ് ആശുപത്രിയില്‍ ചെലവഴിച്ചത്. ഡയാലിസിസ് കഴിയുന്നതോടെ അവള്‍ വളരെ ക്ഷീണിതയായിരുന്നു. ഇനിയും ഡയാലിസിസ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു ഞങ്ങളുടെ മുമ്പിലുള്ളത്. ഇതിനെ തുടര്‍ന്നാണ് വൃക്ക ദാനം ചെയ്യാനായി തീരുമാനിച്ചതെന്നും ശ്യാമ കൂട്ടിച്ചേര്‍ത്തു.