2018 ല്‍ യുഎഇയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സമ്മാനവുമായി ശൈഖ് മുഹമ്മദ്

2018 ല്‍ യുഎഇയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സമ്മാനവുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍. “നിങ്ങളുടെ രാജ്യം നിങ്ങളുടെ ഉത്തരവാദിത്തമാണ്” എന്ന വാചകമടങ്ങിയ സുവനീറാണ് ശൈഖ് മുഹമ്മദ് നല്‍കുന്ന സമ്മാനം. യു.എ.ഇ സ്വദേശികളായ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് ഈ സുവനീര്‍ ലഭിക്കുക.

യുഎഇ സ്ഥാപകനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശം സുവനീറില്‍ ആലേഖനം ചെയ്തിട്ടുണ്ട്. യു.എ.ഇയുടെ ദേശസ്‌നേഹം പ്രതിഫലിപ്പിക്കുന്ന ഈ സുവനീര്‍ കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയ ശേഷമായിരിക്കും വിതരണം ചെയ്യുക.

സുവനീര്‍ സ്വീകരിച്ചതിന് ശേഷം, കുട്ടികളില്‍ ഒരാളുടെ അച്ഛനായ അനസ് അല്‍ മന്‍സൂരി, തന്റെ കുഞ്ഞിന്റെ ജനനം കാരണം സന്തോഷം ഇരട്ടിയായെന്നു അഭിപ്രായപ്പെട്ടു. ജനങ്ങളുമായി എല്ലായ്‌പ്പോഴും നല്ല ബന്ധമാണ് യുഎഇയിലെ ഭരണകര്‍ത്താക്കള്‍ കാത്തു സൂക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സല്‍മ എന്ന പെണ്‍കുട്ടിയുടെ പിതാവായ ഹുമൈദ് അല്‍ സുവൈദി ഈ നടപടി കുട്ടികളില്‍ ദേശസ്‌നേഹം വളരാന്‍ കാരണമാകുമെന്നു അഭിപ്രായപ്പെട്ടു. പൂര്‍വീകരുടെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും പിന്തുടരാന്‍ ഇതു സഹായിക്കുമെന്നും ഹുമൈദ് അല്‍ സുവൈദി അഭിപ്രായപ്പെട്ടു.