ഇറുകിയ വസ്ത്രങ്ങൾക്കും പൊതുസ്ഥലത്തെ 'സ്നേഹപ്രകടനങ്ങൾക്കും' പിഴ ചുമത്തുമെന്ന് സൗദി

ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും പൊതുസ്ഥലത്ത് ചുംബിക്കുന്നതിനും ഉൾപ്പെടെ “പൊതു മര്യാദ” ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. കഠിനമായ നിയന്ത്രണങ്ങൾ ഉള്ള രാജ്യം വിദേശ വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുത്ത് ഒരു ദിവസത്തിനുശേഷം ആണ് പ്രഖ്യാപനം. ഇത്തരത്തിലുള്ള 19 കുറ്റകൃത്യങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ പിഴകൾ വ്യക്തമാക്കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തീവ്ര യാഥാസ്ഥിതിക ഇസ്ലാമിക രാജ്യം ആദ്യമായി ടൂറിസ്റ്റ് വിസ നൽകാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമം.

“പുതിയ ചട്ടങ്ങളിൽ പുരുഷന്മാരും സ്ത്രീകളും എളിമയോടെ വസ്ത്രം ധരിക്കണമെന്നും പരസ്യമായി സ്നേഹം കാണിക്കരുതെന്നും ആവശ്യപ്പെടുന്നു. സ്ത്രീകൾക്ക് എളിമയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്,” ഒരു പ്രസ്താവനയിൽ പറയുന്നു.

“രാജ്യത്തിലെ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും പൊതു പെരുമാറ്റവുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നിയന്ത്രണങ്ങൾ.” സ്ത്രീകൾ തോളും കാൽമുട്ടും മൂടണം എന്നും പ്രസ്‌താവനയിൽ പറയുന്നു.

അമേരിക്ക, ഓസ്‌ട്രേലിയ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഓൺ‌ലൈൻ ഇ-വിസകൾ അല്ലെങ്കിൽ വിസകൾ ലഭിക്കാൻ അർഹതയുണ്ടെന്ന് സൗദി അറേബ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു.