ഖത്തറിന് എതിരായ ഉപരോധം നീക്കില്ല; നടപടി പിന്‍വലിക്കണമെങ്കില്‍ ഖത്തര്‍ നിബന്ധനകള്‍ അംഗീകരിക്കണം

Advertisement

ഖത്തറിനെതിരായ ഉപരോധം നീക്കില്ലെന്ന നിലപാടിലുറച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഉപരോധം പിന്‍വലിക്കണമെങ്കില്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നടപ്പാക്കുക തന്നെ വേണമെന്ന് ഈജിപ്ത് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ഈജിപ്ത് ഇക്കാര്യം അറിയിച്ചത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ രാജ്യങ്ങളാണ് ഖത്തറിനെ ഉപരോധിക്കുന്ന മറ്റ് രാജ്യങ്ങള്‍.

ഖത്തറിന്റെ പ്രകോപനങ്ങളെ പറ്റി രാജ്യപ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നും, തങ്ങളുടെ താല്‍പര്യങ്ങളെയും ദേശീയ സുരക്ഷയെയും വെല്ലുവിളിക്കുന്ന നീക്കങ്ങളാണ് ഖത്തറില്‍ നിന്നുണ്ടാകുന്നതെന്നും ഈജിപ്ത് പ്രതിരോധ മന്ത്രാലയം വക്താവ് അ്മദ് അബൂസെയ്ദ് ഫേസ്ബുക്കില്‍ കുറിച്ചു. നാല് രാജ്യങ്ങള്‍ പരസ്പരം പൂര്‍ണ ഐക്യത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തിയത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഭീകരവാദത്തിനെതിരായ ഖത്തറിന്റെ പോരാട്ടത്തെ പ്രശംസിച്ച ട്രംപ് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) പിന്തുണ വേണമെന്നും പറഞ്ഞു. ഭീകരവാദത്തെ കീഴടക്കാനും ഇറാന്റെ സ്വാധീനം ഇല്ലാതാക്കാനും ഖത്തര്‍ യു.എസ്സുമായി സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ഖത്തര്‍ നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎഇയില്‍ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട യാത്രാ വിമാനം ഖത്തര്‍ വ്യോമസേന തടഞ്ഞെന്ന ആരോപണം ഉണ്ടായത്. എന്നാല്‍ ദോഹ ഇത് നിഷേധിക്കുകയാണുണ്ടായത്.

നേരത്തെ, യു.എ.ഇയുടെ യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ വ്യോമ പരിധി ലംഘിക്കുന്നതായി ഖത്തര്‍ യു.എന്നിനയച്ച കത്തില്‍ ആരോപിച്ചിരുന്നു.