കളഞ്ഞ് കിട്ടിയ ഫോണ്‍ തിരികെ നല്‍കി മാന്യനായി, പക്ഷെ മെമ്മറി കാര്‍ഡ് അടിച്ചുമാറ്റി ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു

വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറി നല്ലപേര് സമ്പാദിക്കുകയും  ഫോണിലെ മെമ്മറി കാര്‍ഡ് മോഷ്ടിച്ച് കാര്‍ഡിലെ ഫോട്ടോ ദുരുപയോഗം ചെയ്യുകയും ചെയ്ത വിമാനത്തിലെ ശുചീകരണത്തൊഴിലാളി പിടിയില്‍. മെമ്മറികാര്‍ഡിലുണ്ടായിരുന്ന യുവതിയുടെ ഫോട്ടോ ഫേയ്‌സ്ബുക്കില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു യുവാവ്.  28 വയസുള്ള പാക് പൗരനാണ് പൊലീസ് കസ്റ്റഡിയിലായത്.  22 വയസുകാരിയായ യുഎസ് വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ലെബനനിലേക്കുള്ള യാത്രയ്ക്കിടെയാണ്, അംഗോള-ദുബായ് വിമാനത്തില്‍ വെച്ച്  യുവതിക്ക് ഫോണ്‍ നഷ്ടമായത്. വിമാനം വൃത്തിയാക്കുന്നതിനിടയില്‍ യുവാവിന് ഫോണ്‍ കളഞ്ഞു കിട്ടി. ഫോണിലെ മെമ്മറി കാര്‍ഡ് മോഷ്ടിച്ച ശേഷം അയാള്‍ ഫോണ്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറി. പിന്നീട് യുവാവ് മെമ്മറി കാര്‍ഡിലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ പരിശോധിച്ചു.

മെമ്മറി കാര്‍ഡിലെ ഫോട്ടോ ലൈക്ക് കൂട്ടാനും ആളുകളെ ആകര്‍ഷിക്കാനും വേണ്ടി തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ദുബായ് വിമാന അധികൃതര്‍ യുവതിയുടെ ഫോണ്‍ ലെബനനിലേക്ക് അയച്ചു കൊടുത്തു. ഫോണ്‍ കിട്ടിയപ്പോള്‍ മെമ്മറി കാര്‍ഡ് നഷ്ടമായ വിവരം യുവതി ശ്രദ്ധിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് യുവതി തന്നെ ചിത്രങ്ങള്‍ മറ്റൊരാളുടെ അ്ക്കൗണ്ടില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

പിന്നീട് യുവതി ദുബായ് വിമാനത്താവളത്തിലെത്തി കേസ് കൊടുത്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചു.