വരാനിരിക്കുന്നത് പ്രവാസികള്‍ക്ക് ശുഭകരമല്ലാത്ത വര്‍ഷം

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരും പുത്തന്‍ പ്രതിക്ഷകളും ലക്ഷ്യങ്ങളുമാണ് മനസില്‍ സൂക്ഷിക്കുക. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ജനതയ്ക്ക് പുതുവര്‍ഷം ആശങ്കകളുടേതാണ്. ഗള്‍ഫ് മേഖലകളിലെ സ്വദേശിവത്കരണവും തൊഴില്‍ അരക്ഷിതാവസ്ഥയുമാണ് ഇതിന് പ്രധാന കാരണം. ഒപ്പം മൂല്യ വര്‍ധിത നികുതിയും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കവും ഖത്തര്‍ ഉപരോധവുമെല്ലാം പ്രവാസികളുടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

പുതുവര്‍ഷം പിറക്കുന്നതോടെ യുഎഇയിലും സൗദിയിലും വാറ്റ് നിലവില്‍ വരുമെന്നതാണ് പ്രവാസികള്‍ നേരിടുന്ന മുഖ്യവെല്ലുവിളി. ഇതോടെ ജീവിത ചെലവുകള്‍ കുത്തനെ ഉയരും. അഞ്ച് ശതമാനമാണ് വാറ്റ് ചുമത്തുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില ഉയര്‍ത്തും. ഇത്തരത്തില്‍ എല്ലാ മേഖലകളിലും ചെലവ് വര്‍ധിക്കുമ്പോള്‍ കുടുംബ സമേതം താമസിക്കുന്ന പ്രവാസികള്‍ക്കിത് കനത്ത തിരിച്ചടിയാവും. സ്വദേശി വത്കരണം കൂടുതല്‍ ഊര്‍ജസ്വലമായി നടപ്പാക്കുന്നതും പ്രവാസികളുടെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.

സ്വദേശിവത്കരണത്തിന്റെ അനന്തരഫലമായി 2017 ല്‍ മാത്രം മൂന്നുലക്ഷത്തില്‍ പരം പ്രവാസികളാണ് തൊഴില്‍ രഹിതരായത്. സൗദിയുടെ പാത പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

2018 ല്‍ സ്തീ ശാക്തീകരണത്തില്‍ വിപ്ലവകരമായ ചുവടുവയ്പ്പാണ് സൗദി നടത്തുന്നത്. പുതുവര്‍ഷത്തില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സും ലഭ്യമാകും. ഇത് ഡ്രൈവിങ് വിസയിലെലെത്തുന്ന നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. സൗദിയില്‍ ഹൗസ് ഡ്രൈവിങ് വിസയിലെത്തുന്നവരില്‍ ഏറെയും മലയാളികളായിരുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതോടെ ഇനി സ്വദേശി വീടുകളില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നത് ഗണ്യമായി കുറയും.

ഖത്തര്‍ ഉപരോധത്തിലുടെ ഗള്‍ഫ് രാജ്യങ്ങശ് രണ്ട് ചേരികളായി നിലയുറച്ചതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും, ഇറക്കുമതി നിലച്ചതുവഴി നിത്യോവയോഗ സാധനങ്ങളുടെ വിലയുയര്‍ന്നതും പ്രവാസികളെ ബാധിച്ചിട്ടുണ്ട്. ജനുവരി അന്നുമുതല്‍ പുതുക്കിയ ലെവി നിലവില്‍ വരുന്നതുമുള്‍പ്പടെ ആശങ്കകളുടെ ഒരു നൂലാമാല തന്നെയാണ് പ്രവാസികള്‍ക്ക് 2018.