പൊതുമാപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് നിരവധി മലയാളികളും

മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികളെ സംബന്ധിച്ച വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്. ഇതു പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങാമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. 2011 ലായിരുന്നു ഏറ്റവും അവസാനമായി കുവൈത്തില്‍ പൊതുമാപ്പ് നല്‍കിയത്. അന്നത്തെ പൊതുമാപ്പിന്റെ പ്രയോജനം 38,429 വിദേശികള്‍ക്ക് ലഭിച്ചു. ഇതില്‍ 11,614 പേരായിരുന്നു ഇന്ത്യക്കാര്‍.

അനധികൃതമായി കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാന്‍ പൊതുമാപ്പ് കാലയളവില്‍ സാധിക്കും. അഥവാ രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന പക്ഷം പിഴ നല്‍കി സാധുതയുള്ള ഇഖാമ നേടാനും അവസരമുണ്ട്. ഇതും അനേകം പ്രവാസികളെ സംബന്ധിച്ച വലിയ ആശ്വാസമാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി കുവൈത്തില്‍ നിന്നു പോകുന്നവര്‍ക്ക് മറ്റേതെങ്കിലും കാരണത്താല്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരല്ലെങ്കില്‍ പുതിയ വിസയില്‍ വീണ്ടും രാജ്യത്തേക്ക് മടങ്ങി വരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read more

രാജ്യത്ത് കാലാവധിയില്ലാത്ത വിസയില്‍ താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി പൊതുമാപ്പ് കാലാവധിക്കു ശേഷമുണ്ടാകും. അത്തരക്കാര്‍ക്ക് പിഴ ചുമത്തും. ഇതിനു പുറമെ മറ്റു നിയമ നടപടികളും ചിലപ്പോള്‍ നാടുകടത്തലുമുണ്ടാകും. ഇത്തരത്തില്‍ നാടുകടത്തുന്നവരെ കുവൈത്തിലെ നിയമനുസരിച്ച് കരിമ്പട്ടികയില്‍പ്പെടുത്തും. പിന്നീട് ഇവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.