പിആര്‍ഒ ചമഞ്ഞ് ദുബായ് വിമാനത്താവളത്തില്‍ തട്ടിപ്പ് നടത്തി ഏഴു വനിതകളെ തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയില്‍

പിആര്‍ഒ ചമഞ്ഞ് ദുബായ് വിമാനത്താവളത്തില്‍ തട്ടിപ്പ് നടത്തി ഏഴു പേരെ തട്ടികൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയില്‍. തൊഴില്‍ രഹിതനായ പ്രതി വീട്ടുജോലി നല്‍കാമെന്നു പറഞ്ഞാണ് ഏഴു പേരെ തട്ടികൊണ്ടു പോയത്. വീട്ടുജോലി തേടി വിദേശത്ത് എത്തിയവരെ സമര്‍ത്ഥമായി കെണിയില്‍ വീഴത്തിയാണ് 29 കാരനായ ഈജിപ്ഷ്യന്‍ യുവാവ് തട്ടികൊണ്ടു പോയത്.

ഏഴു വനിതകളെയാണ് പ്രതി തട്ടി കൊണ്ടു പോയത്.യുവതികളെ റിക്രൂട്ട് ചെയ്ത കമ്പനിയുടെ ദുബായിലെ പിആര്‍ഒയാണ് എന്നു പറഞ്ഞാണ് പ്രതി യുവതികളെ സമീപച്ചിരുന്നത്. വ്യത്യസ്ത കുടുംബങ്ങളില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ഇവരെ മുറിയില്‍ കൊണ്ടു പോയി പാസ്‌പോര്‍ട്ട് കരസ്ഥമാക്കുകയായിരുന്നു.

ഇതിനു പുറമെ ജോലി നല്‍കാമെന്ന വ്യാജ കരാര്‍ നല്‍കി നാലു പേരില്‍ നിന്നും പ്രതി പണം തട്ടിച്ചതായി പോലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകല്‍, വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഇന്തോനേഷ്യന്‍ വീട്ടു ജോലിക്കാരി നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്. അജ്മാനില്‍ ഒരു റിക്രൂട്ട്‌മെന്റ് ഓഫീസ് മുഖാന്തരമാണ് ദുബായില്‍ എത്തിയത് എന്നു യുവതി പറഞ്ഞു. തന്റെ കൂടെ മറ്റു രണ്ടു പേരും വീട്ടു ജോലി തേടി ദുബായില്‍ വന്നിരുന്നു. ഞങ്ങള്‍ വിമാനത്താവളത്തില്‍ പിആര്‍ഒയ്ക്കു വേണ്ടി കാത്തിരിക്കുമ്പോള്‍ പ്രതി ഞങ്ങളുടെ സമീപത്ത് എത്തി. എന്നിട്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്നാണെന്ന് ഞങ്ങളോട് പറഞ്ഞു. പിന്നീട് പ്രതി ഞങ്ങളുടെ പാസ്‌പോര്‍ട്ടുകളും മൊബൈല്‍ ഫോണുകളും വാങ്ങി. അതിനു ശേഷം ഞങ്ങളുടെ രേഖകള്‍ അയാള്‍ വാങ്ങി പരിശോധിച്ചു.

പിന്നീട് കൂടെ വരാന്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ അയാള്‍ ദുബായിലെ ഒരു ഫ്‌ളാറ്റിലേക്ക് കൊണ്ടു പോയി. അവിടെ ഞങ്ങളെ വീട്ടുതടവിലാക്കി. ഞങ്ങള്‍ക്ക് ദിവസവും ഒരു എത്യോപ്യന്‍ സ്ത്രീ ആഹാരം തരാനായി വരുമായിരുന്നു. അവരാണ് വീട് വൃത്തിയാക്കുന്നിരുന്നത്. ഞങ്ങള്‍ മൂന്ന് ദിവസം അവിടെ താമസിച്ചു. നാലാം ദിവസം എത്യോപ്യന്‍ സ്ത്രീ വാതില്‍ പൂട്ടാന്‍ മറന്നു . അന്നു ഞങ്ങള്‍ അവിടെ നിന്നു രക്ഷപ്പെട്ടു. അജ്മാനിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ഞങ്ങള്‍ ബന്ധപ്പെട്ട് ശേഷം അവരുടെ സഹായത്തോടെയാണ് പരാതി നല്‍കിയത്. ഇന്തോനേഷ്യന്‍ യുവതി വ്യക്തമാക്കി.