അബുദാബിയില്‍ ഈ രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

അബുദാബിയില്‍ ശ്വാസകോശ ക്യാന്‍സര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ ജനങ്ങളെ പിടികൂടുന്ന മരണകാരണമായ രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ശ്വാസകോശ ക്യാന്‍സര്‍. പ്രവാസികളെ ബാധിക്കുന്നതില്‍ മൂന്നാം സ്ഥാനത്തും. ജനസംഖ്യയുടെ 16 ശതമാനം ആളുകളാണ് ശ്വാസകോശ ക്യാന്‍സര്‍ കാരണം അബുദാബിയില്‍ മാത്രം മരിക്കുന്നത്.

ശ്വാസകോശ ക്യാന്‍സര്‍ വരാനുള്ള പ്രധാനകാരണം പുകവലിയാണ്. അല്‍ ഐനില്‍ ടോവാം ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍ ഡോ. ഖാലിദ് ബലരാജ് അല്‍ അമൂദാണ് ഇക്കാര്യം അറിയിച്ചത്.

ശ്വാസകോശ കാന്‍സര്‍ ബാധിക്കുന്നവരില്‍ ഏറ്റവുമധികം പേര്‍ പുരുഷന്മാരാണ്. സിഗരറ്റ്, മെഡ്വാക് തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ശ്വാസകോശ കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണം. യുവജനങ്ങളിലാണ് ഈ ശീലം കൂടുതല്‍ അപകടകരമായി മാറുന്നതെന്നും അദ്ദേഹം അറിയിച്ചു. 2013 ല്‍ 390 പേരാണ് ക്യാന്‍സര്‍ ബാധിച്ച് അബുദാബിയില്‍ മരിച്ചത്. 34 ശതമാനം പേര്‍ അബുദാബി സ്വദേശികളും. ഇതില്‍ ബാക്കി 66 ശതമാനം പ്രവാസികളുമാണ്.

കഴിഞ്ഞ വര്‍ഷം, ക്ലോവ്‌ലാന്‍ഡ് ക്ലിനിക് അബുദാബി പുകവലി നിര്‍ത്താനായി ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഓരോ ആഴ്ചയും 27 പേരാണ് യുഎഇയില്‍ പുകയില ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങളുമായി മരിക്കുന്നത്.