കുവൈത്തില്‍ സ്വദേശിവത്കരണത്തിനു പുതിയ നിയമം വരുന്നു; നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

കുവൈത്തില്‍ സ്വദേശിവത്കരണത്തിനു പുതിയ നിയമം വരുന്നു. ഇതിനു വേണ്ടി സ്വദേശിവത്കരണ എംപ്ലോയ്മെന്റ് ഉന്നതതലസമിതി നിയമ നിര്‍മ്മാണം ആരംഭിച്ചു. ഇക്കാര്യം പാര്‍ലമെന്റ് അംഗം സാലെ അഷൂറാണ് അറിയിച്ചത്. ഉടന്‍ തന്നെ സ്വദേശിവത്കരണത്തിനു നിയമസാധുത നല്‍കാനാണ് നീക്കം. 12,000 സ്വദേശികള്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ , പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഇതിനായി വിവിധ വകുപ്പു മന്ത്രിമാര്‍ എണ്ണ വകുപ്പ് മന്ത്രിയുമായി കൂചികാഴ്ച്ച നടത്തി. കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍, പ്ലാനിംഗ് സുപ്രീം കൗണ്‍സില്‍ വകുപ്പ് ,പാര്‍ലമെന്റ് നിയമനിര്‍മ്മാണ ഉന്നതതല സമിതി എന്നിവയുടെ മേധാവികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശികളുടെ സേവനം ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അനിവാര്യമാണെന്നു ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. ഈ സാഹചര്യം പരിഗണിക്കമെന്നു സാലെ അഷൂര്‍ വ്യക്തമാക്കി.

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയ്ക്കു പുറമെ പൊതുമേഖല സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാകുന്നുണ്ട്. ഇത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് നീക്കം. ഇതു മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.