ഗൾഫ് പണത്തിന്റെ ഒഴുക്ക് കുറയുന്നു, സമ്പദ് വ്യവസ്ഥയ്ക്ക് ഇരുട്ടടി

രൂക്ഷമാകുന്ന സാമ്പത്തികപ്രതിസന്ധിക്കിടയിൽ ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് കേരളത്തിന് ഇരുട്ടടിയാകുന്നു. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കിലും ബാങ്ക്‌നിക്ഷേപത്തിലും വന്‍ ഇടിവുണ്ടായെന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര വിദേശകാര്യ അവലോകന വിഭാഗവും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് വരുമാനം കുറയുന്നത് സംസ്ഥാനത്ത് സാമ്പത്തിക ഇടപാടുകളിലും മൊത്തം വരുമാനത്തിലും കുത്തനെ ഇടിവുണ്ടാക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.

ഗള്‍ഫ് മലയാളികള്‍ കൊണ്ടുവരുന്ന സാധനങ്ങളിലും നിക്ഷേപത്തിലും വന്‍ കുറവുണ്ട്. കിഫ്ബിക്ക് പണം കണ്ടെത്താനുള്ള നിര്‍ദ്ദിഷ്ട പ്രവാസിചിട്ടിക്കും ഇത് തിരിച്ചടിയായേക്കും. വര്‍ഷം 20,000 കോടിയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.2 മടങ്ങും ചെലവിന്റെ 1.5 മടങ്ങും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 37.3 ശതമാനവും ഗള്‍ഫ് മലയാളികളുടെ പണമാണ്. അത് കുറയുന്നതോടെ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് ടിക്കറ്റെടുക്കുന്ന മലയാളികളുടെ എണ്ണം കുറയുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ 25 – 40 ശതമാനം കുറഞ്ഞെന്ന് കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫില്‍ നിന്ന്് വരുന്ന മലയാളികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മിക്കവരും തിരിച്ച് പോകുന്നില്ല. ഗള്‍ഫിലെ കൂലിയിലുണ്ടായ കുറവ് കാരണമാണ് ഇവര്‍ തിരിച്ച് പോകാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ കൂലിക്ക് ബീഹാറികളും ഉത്തര്‍പ്രദേശുകാരും ബംഗ്ലാദേശികളും എത്തിയതോടെയാണ് മലയാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ച് വരുന്നത്.