കുവൈറ്റില്‍ വിദേശികള്‍ക്ക് വായ്പ : നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍

കുവൈറ്റില്‍ വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബാങ്കുകള്‍. വായ്പ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയും നിബന്ധനകള്‍ കടുപ്പിച്ചുമാണ് ബാങ്കുകള്‍ നിയന്ത്രണം വരുത്തിയിരിക്കുന്നത്.

വായ്പ ലഭിക്കുന്നതിനുള്ള മിനിമം ശമ്പളം 800 ദിനാര്‍ വരെ ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മുമ്പ് 300 ദിനാര്‍ ശമ്പളമുള്ളവര്‍ക്കും വായ്പ ആനുവദിച്ചിരുന്നു. കൂടുതല്‍ ബാങ്കുകളിലും 400 ദിനാറാണ് വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള അടിസ്ഥാന ശമ്പളം. മിനിമം വേതനം 650 ആക്കി ഉയര്‍ത്തിയ ബാങ്കുകളുമുണ്ട്.

മിനിമം ശമ്പളം പുനഃക്രമീകരിച്ചതിന് പിന്നാലെ കടുത്ത നിബന്ധനകളുടെ അടിസ്ഥാനത്തിലാകും വായ്പകള്‍ നല്‍കുക. ശമ്പളം എത്രയെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, കമ്പനിയില്‍ നിന്നുള്ള ഡിക്ലറേഷന്‍ , ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള സേവനാനന്തര ആനുകൂല്യത്തിന് അര്‍ഹനായിരിക്കണം തുടങ്ങിയ നിബന്ധനകളും കൊണ്ടുവന്നിട്ടുണ്ട്. 500 ദിനാറില്‍ കുറഞ്ഞ ശമ്പളമുള്ള വിദേശികള്‍ക്ക് ലോണ്‍ ലഭിക്കണമെങ്കില്‍ സ്വദേശിയായ ഒരാള്‍ ജാമ്യം നില്‍ക്കണം എന്ന വ്യവസ്ഥയും ചില ബാങ്കുകള്‍ മുന്നോട്ടു വെക്കുന്നുണ്ട് . ബാങ്ക് വായ്പ തിരിച്ചടവ് ബാധ്യതയില്ലാത്ത സ്വദേശികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ജാമ്യം നില്‍ക്കാന്‍ സാധിക്കൂ എന്നതും വിദേശികള്‍ക്ക് വായ്പ ലഭിക്കുന്നതിനുള്ള പ്രയാസം വര്‍ധിപ്പിക്കും.

താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിലെ റിസ്‌ക് ഒഴിവാക്കാകാനാണ് ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചെതെന്നാണ് സൂചന. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 59.29 ശതമാനം 180 ദിനാറിനു താഴെ ശമ്പളമുള്ളവരാണ്. . നിബന്ധനകള്‍ കടുപ്പിച്ചതോടെ വ്യക്തിഗത വായ്പക്കുള്ള അര്‍ഹത ചെറിയൊരു ശതമാനത്തിനു മാത്രമായിരിക്കും ലഭിക്കുക .