നവയുഗത്തിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ അല്‍ഹസ്സ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും പത്തു ഇന്ത്യന്‍ വനിതകള്‍ നാട്ടില്‍ തിരിച്ചെത്തി

നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യന്‍ എംബസ്സിയും സംയുക്തമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍, അല്‍ഹസ്സ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു മലയാളികള്‍ ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ വനിതകള്‍, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോട് എന്നിവരുടെ ദീര്‍ഘകാലമായ പരിശ്രമത്തിനൊടുവിലാണ്, ഇന്ത്യന്‍ എംബസ്സി അധികൃതരുടെ കൂടി സഹായത്തോടെ ഇവര്‍ക്ക് മടങ്ങാനായത്.

തിരുവനന്തപുരം സ്വദേശിനികളായ ഹലീമ റഹീം, ഷഹുബാനത്ത് എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയ മലയാളികള്‍. ഉത്തരപ്രദേശ് സ്വദേശിനി സുമരത്‌നം, ഹൈദരാബാദ് സ്വദേശിനി സോജ, എന്നിവരുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ടുപേരും മടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

ഷഹുബാനത്ത്, സുമരത്‌നം, സോജ എന്നിവരെ ഖത്തര്‍ വിസയില്‍ കൊണ്ടുവന്ന് സൗദിയില്‍അനധികൃതമായി എത്തിച്ചു ജോലി ചെയ്യിയ്ക്കുകയായിരുന്നു. ഖത്തറും സൗദിയും തമ്മില്‍ പ്രശ്നം ഉണ്ടായപ്പോള്‍, സ്‌പോണ്‍സര്‍ ഇവരെ അല്‍ഹസ്സ വനിതാ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. അതുപോലെ വിവിധങ്ങളായ തൊഴില്‍, വിസ പ്രശ്‌നങ്ങളില്‍പ്പെട്ടവരാണ് നാട്ടിലേയ്ക്ക് മടങ്ങിയവര്‍.

ഇവരുടെ സ്‌പോണ്‍സര്‍മാരുമായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെത്തുടര്‍ന്നാണ് നാട്ടിലേയ്ക്ക് പോകാന്‍ വഴി തുറന്നത്. പാസ്സ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് മടങ്ങാന്‍ എംബസ്സിയുടെ ഔട്ട്പാസ് വേണമായിരുന്നു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ അപേക്ഷയെത്തുടര്‍ന്ന് എംബസ്സി ഉദ്യോഗസ്ഥര്‍ അവര്‍ക്കൊപ്പം വനിതാ അഭയകേന്ദ്രം നേരിട്ട് സന്ദര്‍ശിച്ച്, അത്തരക്കാര്‍ക്ക് ഔട്ട്പാസ്സ് നല്‍കി.