Sunday, 9 August 2026
‘Honest storytelling is a powerful means of change
09:40:04 AM IST
Kerala

​മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ ദുരൂഹതകളേറുന്നു; സതീശൻ വീട്ടിലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അജ്ഞാത നിക്ഷേപകർ ആര്?

ന്യൂസ് ഡെസ്ക് 5 August 2026, 9:46 am
SHARE

സംസ്ഥാനത്ത് കനത്ത മഴയും ദുരിതവും തുടരുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ചിലവിൽ ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണം പ്രതിരോധിക്കാൻ മുഖ്യമന്ത്രി ഉന്നയിച്ച ‘നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച’ എന്ന വാദം പൊളിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9.27-ന് ചിപ്സൺ ഏവിയേഷന്റെ എച്ച് 145 എയർബസ് ഹെലികോപ്റ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. മോശം കാലാവസ്ഥയെത്തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ അദ്ദേഹം പിന്നീട് 12.37-ന് വീണ്ടും കൊച്ചിയിലേക്ക് തിരിച്ചു. നെടുമ്പാശ്ശേരിയിലിറങ്ങിയ ശേഷം ആലുവ കാരോത്തുകുഴി ആശുപത്രിയിലുള്ള ഭാര്യാപിതാവിനെ സന്ദർശിക്കുകയും തുടർന്ന് ദേശത്തുള്ള വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ, ഈ സമയത്ത് പൊലീസ് ഇന്റലിജൻസിന്റെ മൂവ്‌മെന്റ് രജിസ്റ്റർ പ്രകാരം മുഖ്യമന്ത്രി തിരുവനന്തപുരത്തെ വീട്ടിൽത്തന്നെയായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങളിലെ ഈ പൊരുത്തക്കേടുകളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
​യാത്ര വിവാദമായപ്പോൾ, കൊച്ചിയിലെത്തിയ ഒരു അജ്ഞാത നിക്ഷേപക ഗ്രൂപ്പുമായി ചർച്ച നടത്താനാണ് താൻ പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, അങ്ങനെയൊരു കൂടിക്കാഴ്ച നടന്നെങ്കിൽ എന്തുകൊണ്ട് വ്യവസായ മന്ത്രിയോ വകുപ്പിലെ ഉദ്യോഗസ്ഥരോ അതിൽ പങ്കെടുത്തില്ല എന്ന ചോദ്യം ബാക്കിയാകുന്നു. നിക്ഷേപകർ ആരാണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ, ‘അതറിഞ്ഞിട്ട് കുളമാക്കാനാണോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായ മന്ത്രിയെപ്പോലും ഒഴിവാക്കി വീട്ടിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമെന്തായിരുന്നു എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഭാര്യാപിതാവിനെ കാണാൻ പോയത് വിവാദമായതോടെ മുഖ്യമന്ത്രി കള്ളം ചമയ്ക്കുകയാണെന്നാണ് ഇടതുപക്ഷ നേതാക്കളുടെ പ്രധാന ആരോപണം.
​കരിമണൽ ഉൾപ്പെടെയുള്ള ധാതുസമ്പത്ത് വിൽക്കാനുള്ള സർക്കാർ നീക്കങ്ങളും, വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ രഹസ്യ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ദേശാഭിമാനി വാർത്തയിൽ ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അദാനി ഗ്രൂപ്പ് പ്രതിനിധിയുമായി മംഗളൂരുവിൽ മുഖ്യമന്ത്രി നടത്തിയ യാത്രയുടെ ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്ന വ്യക്തിയാണ് വി.ഡി സതീശൻ. ഇപ്പോൾ മുഖ്യമന്ത്രി പദവിയിലിരിക്കെ അതേ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →