എന്തെങ്കിലും അസുഖം വന്നാല്‍ സ്വയം ചികിത്സ നടത്തിയും ഇന്റര്‍നെറ്റില്‍ തിരഞ്ഞും ചികിത്സ നടത്തുന്നവര്‍ സൂക്ഷിക്കുക

Gambinos Ad

ഒരു ചെറിയ തലവേദനയോ പനിയോ വന്നാല്‍ ഉടനെ മുന്നും പിന്നും നോക്കാതെ സ്വയം ചികിത്സ നടത്തുന്നവരാണ് പൊതുവേ നമ്മള്‍ മലയാളികള്‍. എന്തെങ്കിലും അസുഖം വന്നാല്‍ ഡോക്ടറെ കാണാതെ സ്വയം ചികിത്സ നടത്തുന്നവര്‍ അറിയുക  സൂചി കൊണ്ടെടുക്കാവുന്നത് തൂമ്പ കൊണ്ടെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടെത്തിക്കുന്നത്. എന്തെങ്കിലും ഒരു രോഗ ലക്ഷണം വന്നാലുടന്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞു മരുന്ന് കണ്ടെത്തുന്നവരുടെ എണ്ണവും കൂടി വരികയാണ്.  ചെറിയ രോഗങ്ങള്‍ക്കും വേദനകള്‍ക്കും മെഡിക്കല്‍ സ്റ്റോറില്‍ പോയി എന്തെങ്കിലും മരുന്ന് വാങ്ങി കഴിക്കുന്ന ശീലം പാടെ ഉപേക്ഷിക്കണമെന്നാണ് ഡോക്ടര്‍മ്മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Gambinos Ad

ചിലപ്പോഴെങ്കിലും ഈ രോഗലക്ഷണങ്ങള്‍ മറ്റെന്തെങ്കിലും രോഗങ്ങളുടെയാകാം. പനിവന്നാല്‍ പാരസെറ്റമോളും വേദന വന്നാല്‍ പെയിന്‍ കില്ലറുകളും ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കഴിക്കുന്നവരുണ്ട്. ഇവ ഉപയോഗിക്കുമ്പോള്‍ താത്ക്കാലികമായി രോഗലക്ഷണങ്ങള്‍ കുറയുമെങ്കിലും തുടര്‍ന്ന് രോഗം പുരോഗമിക്കുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യാം. എലിപ്പനി, ഡെങ്കിപ്പനി എന്നിവ ഒന്നോ രണ്ടോ ദിവസംകൊണ്ട് മാരകമാകാം. സ്വയം ചികിത്സ ചെയ്യുമ്പോള്‍ മരുന്നിന്റെ പ്രവര്‍ത്തനംമൂലം രോഗലക്ഷണങ്ങളില്‍ പ്രകടമായ വ്യതിയാനങ്ങളുണ്ടാകാം. ഇത് ശരിയായ രോഗനിര്‍ണ്ണയത്തിന് തടസ്സമുണ്ടാക്കാറുണ്ട്.

പനിവന്നാല്‍ പാരസെറ്റമോളും വേദന വന്നാല്‍ പെയിന്‍ കില്ലറുകളും ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ രോഗി സ്വയം മരുന്ന് വാങ്ങുന്ന രീതിയാണ് ഓവര്‍ ദ കൗണ്ടര്‍. ഇത് പൂര്‍ണ്ണമായും അപകടകരമാണെന്ന് പറയാനാകില്ല. ഈ രീതിയില്‍ മരുന്ന് തെരഞ്ഞെടുക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. മരുന്നുകള്‍ക്ക് അലര്‍ജി ഉള്ളവര്‍,  ശസ്ത്രക്രിയകള്‍ ചെയ്തവര്‍, മറ്റു മരുന്നുകള്‍ കഴിക്കുന്നവര്‍, രോഗികള്‍ എന്നിവര്‍ ഒരിക്കലും ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തരുത്.

അതുപോലെ യാതൊരു നിയന്ത്രണവുമില്ലാതെ വേദനസംഹാരികള്‍ കഴിക്കുന്നവര്‍ ഓര്‍ക്കുക, വേദനസംഹാരികള്‍ തുടര്‍ച്ചയായി കഴിച്ചാല്‍ അത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാവും. ആമാശയത്തില്‍ വ്രണങ്ങള്‍ അഥവാ അള്‍സര്‍, കുടലില്‍ രക്തസ്രാവം, ഛര്‍ദി, വിശപ്പില്ലായ്മ തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങളാണ്. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം വൃക്കരോഗങ്ങള്‍ക്കും ഇടയാക്കും. ഗര്‍ഭിണികളായ സ്ത്രീകള്‍, ഹൃദ്രോഗികള്‍, മറ്റു ഗുരുതരരോഗങ്ങളുള്ളവര്‍ഒരിക്കലും സ്വയം ചികിത്സ നടത്തരുത്.

സ്വയം ചികിത്സ പോലെ തന്നെ അപകടകരമാണ്  ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ ഡോസുകള്‍ പൂര്‍ത്തിയാവാതെ നിര്‍ത്തുന്നതും. നമ്മള്‍ക്ക് ഇഷ്ടമുള്ള പോലെ കഴിക്കാനല്ല ഡോക്ടര്‍മ്മാര്‍ മരുന്നുകള്‍ നല്‍കുന്നത്.ഒന്ന് വീതം മൂന്ന് നേരം ദിവസേന മൂന്നുനേരം മരുന്നു കഴിക്കണമെന്ന് പറയുന്നതും എട്ട് മണിക്കൂര്‍ ഇടവിട്ട് മരുന്നു കഴിക്കണമെന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഫലത്തില്‍ മൂന്ന് നേരം വീതമാണെങ്കിലും, എട്ട് മണിക്കൂര്‍ ഇടവിട്ടുള്ളവ അങ്ങനെ തന്നെ കഴിക്കണം. പനിക്കും വേദനക്കും ചുമക്കുമൊക്കെ ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങിയാല്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായി രോഗം മാറിയതുപോലെ അനുഭവപ്പെടും. ഈ അവസരത്തില്‍ മരുന്ന് നിര്‍ത്തുന്നവരുണ്ട്. ഡോക്ടര്‍ നിര്‍ദേശിച്ച അളവ് പൂര്‍ത്തിയാക്കാതെ മരുന്നുനിര്‍ത്തിയാല്‍ രോഗാണുക്കള്‍ മരുന്നിനെതിരെ പ്രതിരോധശക്തിയാര്‍ജിക്കുകയും പിന്നീടുള്ള ചികിത്സക്ക് ഈ മരുന്നുകള്‍ ഫലപ്രദമാകാതെ വരുകയും ചെയ്യും എന്ന കാര്യം ഓര്‍ക്കുക.