എന്താണ് എലിപ്പനി? എന്തൊക്കെ മുന്‍കരുതലുകളിലൂടെ എലിപ്പനിയെ തടയാം? പ്രളയകാല പകര്‍ച്ചവ്യാധികളെ സമര്‍ത്ഥമായി പ്രതിരോധിക്കാം

Gambinos Ad

സംസ്ഥാനത്ത് പ്രളയത്തിന് പിന്നാലെ ഭീതി പരത്തി എലിപ്പനി പടരുകയും അത് മൂലം നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 40 ലേറെ പേരാണ് എലിപ്പനി പിടിപെട്ട് മരിച്ചത്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയ ആളുകളും ഇതിലുണ്ട്. എലിപ്പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Gambinos Ad

എന്താണ് എലിപ്പനി?

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയ എലിപ്പനിക്ക് കാരണം ലെപ്റ്റോസ്പൈറസ് എന്ന ബാക്ടീരിയയാണ്. എലിയിലൂടെയാണ് പ്രധാനമായും രോഗാണു പകരുന്നത്. കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും രോഗാണുവാഹകരാണ്. ഇവയുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് രോഗം പകരുന്നത്.

രോഗലക്ഷണങ്ങള്‍-

പനി, ഛര്‍ദി, പേശീവേദന, കണ്ണിന് ചുവപ്പ്, എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. ഇതിനാലാണ് പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രോഗം ശരീരത്തില്‍ വ്യാപിക്കുന്നതെങ്ങനെ?

കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ, എന്നിവയിലൂടെയാണ് രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.

എലിപ്പനി പിടിപെട്ടാല്‍ മഞ്ഞപ്പിത്തം, ന്യുമോണിയ, വൃക്കരോഗങ്ങള്‍, എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കണ്ണില്‍ രക്തസ്രാവമുണ്ടാകുന്നതാണ് കണ്ണ് ചുവന്നിരിക്കാന്‍ കാരണം. രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തലച്ചോറിനേയും നാഡീഞരമ്പുകളേയും ബാധിക്കുന്നത്. പെനിസിലിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്.

പാലിക്കേണ്ട മുന്‍കരുതലുകള്‍

1. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ)

2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക 200 mg (100 mg രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

3. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയംചികിത്സ ചെയ്യരുത്. ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍ രോഗിയുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം.

പ്രളയകാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം

പ്രതിരോധം ആണ് ഏറ്റവും പ്രധാനം. ഇതിന് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. എങ്ങിനെ എലിപ്പനി പൊലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാം എന്ന് നോക്കാം

  • വീട് ശുചിയാക്കുന്നവര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഏകദേശം ആറ് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കി 10 മിനിറ്റ് വെച്ച ശേഷം വെള്ളം മാത്രം ഊറ്റിയെടുത്ത് തറയും മറ്റു പ്രതലങ്ങളും പാത്രങ്ങളും വൃത്തിയാക്കേണ്ടതാണ്. അണുമുക്തമാകാന്‍ 30 മിനിറ്റ് സമയമെങ്കിലും വേണം
  • വീടുകളിലെ കിണറുകളും മറ്റു ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം
  • പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക. വെള്ളത്തില്‍ മുങ്ങിക്കിടന്ന ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കരുത്
  • കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക
  • കുടിവെള്ളം പത്ത് മിനിറ്റെങ്കിലും നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക
  • ഭക്ഷണം പാകം ചെയ്ത ശേഷം ചൂടോടെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പാഴ്സല്‍ വാങ്ങി കഴിയ്ക്കുന്നത് കഴിവതും ഒഴിവാക്കണം
  • പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്
  • എലികളും മറ്റും ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വ്യത്തിയാക്കണം. എലികളെ കൊല്ലാനായി എലിക്കെണികള്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എലിവിഷം ഈ സമയത്ത് അപകടകരമായതിനാല്‍ ഒഴിവാക്കുക
  • വിട്ടിലും പരിസരത്തും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. പ്രത്യേകിച്ച കുട്ടികള്‍ ഈ വെള്ളത്തില്‍ കളിക്കുന്നത് ഒഴിവാക്കുക