സ്ട്രോക്കിന് മുമ്പായി ശരീരം കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. സ്ട്രോക്ക് ഉണ്ടാകുമ്പോൾ തലച്ചോറിലെ കലകൾക്ക്(tissue) മതിയായ ഓക്സിജനും പോഷകങ്ങളും കിട്ടാതെ വരികയും അതുമൂലം നിമിഷങ്ങൾക്കുള്ളിൽ തന്നെ തലച്ചോറിലെ കോശങ്ങൾ നശിക്കുകയുമാണ് ചെയ്യുന്നത്. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമാകുന്ന അവസ്ഥയാണിത്. അതിനാൽ തന്നെ ഉടനടിയുള്ള ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്. മാത്രമല്ല, എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുന്നത് സ്ട്രോക്കിലൂടെ തലച്ചോറിനുണ്ടാകുന്ന ആഘാതവും മറ്റ് സങ്കീർണതകളും കുറയ്ക്കാനും സഹായിക്കും. വളരെ പെട്ടന്ന് ചികിത്സ ലഭ്യമാക്കേണ്ട ശാരീരിക അവസ്ഥയായതിനാൽ സ്ട്രോക്ക് തിരിച്ചറിയുകയെന്നത് ഇത്തരം സാഹചര്യങ്ങളിൽ പരമപ്രധാനമാണ്. സ്ട്രോക്കിന് മുമ്പായി ശരീരം നൽകുന്ന മുന്നറിയിപ്പുകളിലൂടെ ഇതിന് സാധിക്കും. ഈ മുന്നറിയിപ്പുകൾ അവഗണിക്കാതെ, ഉടൻ ചികിത്സ ലഭ്യമാക്കിയാൽ ആപത്തുകളെ അതിജീവിക്കാം.

മറ്റൊരാൾക്കോ നിങ്ങൾക്ക് തന്നെയോ സ്ട്രോക്ക് ഉണ്ടാകുന്നത് കണ്ടെത്താൻ ഫാസ്റ്റ്(FAST) രീതിയെ ആശ്രയിക്കാം

Face- ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരു വശം കോടുന്നുണ്ടോ എന്ന് പരിശോധിക്കുക
Arms- ഇരുകൈകളും ഉയർത്തി നോക്കുക. ഒരു കൈ താഴേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കുക
Speech- സംസാരിക്കുമ്പോൾ വാക്കുകൾ ഇടറുന്നുണ്ടോയെന്ന് പരിശോധിക്കുക
Time- ഇപ്പറഞ്ഞതിൽ ഏതെങ്കിലുമൊന്ന് ഉണ്ടെങ്കിൽ ഉടൻ  ചികിത്സ ലഭ്യമാക്കുക. ലക്ഷണങ്ങൾ     ആരംഭിച്ച സമയം കുറിച്ചിടാൻ മറക്കരുത്

സ്ട്രോക്കിന് ചികിത്സിക്കുമ്പോൾ ഓരോ മിനിട്ടും വിലപ്പെട്ടതാണ്. ഏത് തരത്തിലുള്ള സ്ട്രോക്കാണ് വന്നത് എന്നതിനനുസരിച്ച് ഡോക്ടർ നിങ്ങൾക്ക് ആസ്പിരിനോ രക്തക്കട്ടകളെ അലിയിക്കുന്ന മറ്റ് മരുന്നുകളോ നൽകും. ലക്ഷണങ്ങൾ തുടങ്ങി ആദ്യ മൂന്ന് മണിക്കൂറിൽ നൽകിയെങ്കിലേ ഇവ ഫലപ്രദമാകുകയുള്ളു. അഥവാ രക്തക്കുഴലുകൾ പൊട്ടിയാണ് സ്ട്രോക്ക് സംഭവിച്ചതെങ്കിൽ രക്തസ്രാവം നിർത്തുന്നതിനുള്ള കാര്യങ്ങളാകും ഡോക്ടർ ആദ്യം ചെയ്യുക.

ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

ചില ലക്ഷ‌ണങ്ങൾ കാണിച്ച് കുറച്ച് കഴിഞ്ഞതിന് ശേഷമാകും ചിലപ്പോൾ സ്ട്രോക്ക് സംഭവിക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒന്നോ അതിലധികമോ മുന്നറിയിപ്പികൾ ശരീരം നൽകും

മുഖം, കൈകാലുകൾ (പ്രത്യേകിച്ച് ഒരേ വശത്തുള്ളവ) എന്നിവയ്ക്ക് തളർച്ച അല്ലെങ്കിൽ മരവിപ്പ്  ആളുകളെ തിരിച്ചറിയാൻ സാധിക്കാതെ വരികയോ ആശയക്കുഴപ്പം ഉണ്ടാകുകയോ ചെയ്യുക
സംസാരിക്കാൻ ബുദ്ധിമുട്ട്
ഒരു കണ്ണിൽ അല്ലെങ്കിൽ രണ്ട് കണ്ണിലും കാഴ്ച മങ്ങുക
നടക്കാനും നിവർന്ന് നിൽക്കാനും ബുദ്ധിമുട്ട്
തലകറക്കം
കടുത്ത തലവേദന

ഇവയിൽ ഏതെങ്കിലുമൊരു ലക്ഷണം അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ആശുപത്രിയിലെത്തുക. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാനിടയുള്ള ശാരീരിക അവസ്ഥ ആയതിനാൽ ഈ ലക്ഷണങ്ങളെ കുറിച്ച് സ്വയം അറിഞ്ഞിരിക്കുന്നതിനൊപ്പം കുടുംബത്തിലുള്ളവർക്കും കൂട്ടുകാർക്കും കുട്ടികൾക്കും അവ പറഞ്ഞുകൊടുക്കുക.