‘ഓരോ ചിത്രവും ഓരോ ജീവിതമാണ്’; സമൂഹത്തില്‍ നിശ്ശബ്ദരാകപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് മലയാളി ഫോട്ടോഗ്രാഫര്‍, കെ.ആര്‍.സുനില്‍

Gambinos Ad
ript>

കാലത്തിന്റെ കയങ്ങളില്‍ നിശ്ശബ്ദരാക്കപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതത്തിലെ അസാധാരണത്വം ക്യാമറാക്കണ്ണുകളിലൂടെ പ്രതിഫലിപ്പിക്കുകയാണ് കെ.ആര്‍.സുനിലിന്റെ ലക്ഷ്യം. മനോഹരമായ മുഖങ്ങളെയല്ല മറിച്ച് കഥ പറയുന്ന കണ്ണുകളെയാണ് സുനിലിന്റെ ക്യാമറ തേടുന്നത്. ‘സങ്കീര്‍ണമോ ആഡംബരമോ ആയ വസ്ത്രങ്ങള്‍ ധരിച്ച് ഞാന്‍ ഫോട്ടോ എടുക്കാന്‍ പോകാറില്ല, അതെന്നെ സാധാരണക്കാരില്‍ നിന്നും അകറ്റാനിടയുണ്ട്’ , സുനില്‍ പറയുന്നു.’ആള്‍ക്കൂട്ടങ്ങളുടെ ചിത്രമെടുക്കുന്നതിന് മുമ്പ് അവരിലൊരാളാകും, ഒരു വ്യക്തിയിലേക്ക് വരുമ്പോള്‍, അദ്ദേഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും, സ്വയം മറന്ന് കഥ പറയുന്ന നിമിഷം അതിന്റെ ലാളിത്യം ഒട്ടും ചോരാതെ പകര്‍ത്തിയെടുക്കാന്‍ ശ്രമിക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Gambinos Ad

ജന്മനാടിന്റെ ഭംഗിയും, തനിമയും, പച്ചയായ മനുഷ്യജീവിതവും അതിന്റെ ലാളിത്യത്തോടെ ക്യാമറയില്‍ പകര്‍ത്തുന്ന സുനില്‍, ഫ്രെയിം അന്വേഷിച്ച് മറ്റ് രാജ്യങ്ങളില്‍ പോകുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. 2016-ല്‍ ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ സംഘടിപ്പിച്ച എക്സിബിഷനില്‍ തന്റെ നാടായ കൊടുങ്ങല്ലൂരിലെ ചെറുതോടുകളും, കുളങ്ങളും അവയുമായി മനുഷ്യര്‍ പുലര്‍ത്തുന്ന ആത്മബന്ധവും പ്രകടമാകുന്ന ഫോട്ടോ പ്രദര്‍ശനത്തിന് ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഫോട്ടോസ്ഫിയര്‍ അവാര്‍ഡും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു.

2016 കൊച്ചി മുസിരിസ് ബിനാലയിലും സുനിലിന്റെ കയ്യൊപ്പുണ്ടായിരുന്നു. കേരളത്തിന്റെ വ്യാപാര ചരിത്രത്തില്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുള്ള പൊന്നാനിയിലെ സാധാരണ മനുഷ്യരുടെ ജീവിതമായിരുന്നു ആസ്പിന്‍ വാളില്‍ സുനില്‍ പ്രദര്‍ശിപ്പിച്ചത്. പൊന്നാനി സിരീസ്, ഒരു കലാകാരന്റെ മാനുഷിക മൂല്യങ്ങളന്വേഷിച്ചുള്ള പ്രയാണത്തിന്റെ കൂടി നേര്‍ക്കാഴ്ച്ചയാണ്. മാനുഷിക മൂല്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സുനിലിന്റെ ചിത്രങ്ങളില്‍ ആധുനികതയും ആഗോളവത്കരണവും ഒട്ടും തന്നെ തൊട്ടു തീണ്ടാത്ത ദേശത്തിന്റെ കഥയായിരുന്നു പറയാനുണ്ടായിരുന്നത്.

‘മഞ്ചൂക്കാര്’ എന്ന പേരില്‍ കൊച്ചങ്ങാടിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ഒരുക്കിയിരിക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിലും നിറഞ്ഞു നില്‍ക്കുന്നത് അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള സുനിലിന്റെ സ്നേഹം തന്നെയാണ്. കേരളത്തിലെ പഴയ തുറമുഖനഗരമായ പൊന്നാനിയിലെയും, കാസര്‍ഗോഡിലെയും കടല്‍ത്തീരത്തു കൂടി ചിത്രമെടുക്കാനുള്ള യാത്രക്കിടയിലാണ് ചരിത്രാഖ്യാന വഴികളിലൊന്നും ശബ്ദം ലഭിച്ചിട്ടില്ലാത്ത ഒരു ജനതയെ കുണ്ടുമുട്ടുന്നത്. കാറ്റിന്റെ ദിശക്കനുസരിച്ച് സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ നിയന്ത്രിക്കുന്ന ജോലിക്കിടയിലും, ചരക്കുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനിടയിലും മരിച്ചവരുടെ എണ്ണം വളരെ വലുതാണ്. എന്നാല്‍ ഇന്നും ഉണങ്ങാത്ത മുറിവുകളും പേറി ജീവിക്കുന്നവരുടെ സാഹസിക കഥകള്‍ പറയുകയാണ് സുനില്‍ പകര്‍ത്തിയ ചിത്രങ്ങള്‍. ഒരു വര്‍ഷത്തോളം മലബാറിലെ മഞ്ചൂക്കാരിലൊരാളായി അവരുടെ കടല്‍യാത്രയെയും, ഓര്‍മ്മകളെയും വീണ്ടെടുക്കുകയായിരുന്നു സഹൃദയനായ ഈ ഫോട്ടോഗ്രാഫര്‍. നൂറോളം ചിത്രങ്ങളില്‍ നിന്ന് അദ്ദേഹം തിരഞ്ഞെടുത്ത 34 മുഖങ്ങളില്‍ വ്യാപാരികളും നാവികരും കുടിയേറ്റത്തൊഴിലാളികളും കല്ലാശാരിമാരും കൈവേലക്കാരും സൂഫികളും സംഗീതജ്ഞരുമൊക്കെയടങ്ങിയ വൈവിധ്യമാര്‍ന്ന കേരളത്തിലെ പുരാതന കടല്‍യാത്രയുടെ ലോകമറിയാത്ത കഥകളാണ് കാഴ്ച്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഇതേ അപരിഷ്‌കൃത സമൂഹത്തിലുള്ളവര്‍ തന്നെയാണ് മഹാപ്രളയ സമയത്ത് കേരളത്തെ കയ്പിടിച്ചുയര്‍ത്തിയതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

‘സുനിലില്‍ ആവിഷ്‌കാരസ്ഥിരതയായി രൂപപ്പെട്ടിട്ടുള്ള മേല്‍പ്പറഞ്ഞ സവിശേഷതകള്‍ കലാനിര്‍മ്മാണവേളയില്‍ സാംസ്‌കാരികവും രാഷ്ടീയവും സാമൂഹികവുമായ പ്രതിബദ്ധതകളോടെ വൈകാരികവും മാനുഷികവുമായ അന്വേഷണങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന ഉരു ആര്‍ട്ട് ഹാര്‍ബറിന്റെ ചിന്തയുമായി ഏറെ അടുത്തു നില്‍ക്കുന്നതാണ്. ഈ അടുപ്പം തന്നെയാണ് സുനിലിനോടുള്ള എന്റെ സൗഹൃദത്തിന്റെ കാതലും’, ഉരു ആര്‍ട്ട് ഹാര്‍ബറിന്റെ സ്ഥാപകരിലൊരാളും, മഞ്ചൂക്കാരിന്റെ ക്യൂറേറ്ററും കൂടിയായ റിയാസ്‌ കോമു പറയുന്നു.

തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്നും ശില്‍പകലയില്‍ ഡിപ്ലോമ നേടിയതിനു ശേഷം ചിത്രകല, എഴുത്ത്, ഫോട്ടോഗ്രാഫി എന്നീ മേഖലയില്‍ സജീവമാവുകയായിരുന്നു കെ.ആര്‍.സുനില്‍. ശേഷം ക്യാമറാ ലെന്‍സിലൂടെ സാധാരണ ജീവിതത്തില്‍ അസാധാരണത്ത്വം ഉളവാക്കുന്ന മനുഷ്യമനസ്സുകളെ കണ്ടറിയുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും പുറത്തുമായി നിരവധി കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ള സുനില്‍ ഇപ്പോള്‍ ഉരു ട്രാവല്‍ ആന്റ് റിസര്‍ച്ച് ഗ്രാന്റ് സ്വീകരിച്ച് കടലോരഗ്രാമങ്ങളെ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക പഠനത്തിലും അതുമായി ബന്ധപ്പെട്ട ഫോട്ടോ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. ‘സമൂഹത്തില്‍ നിശ്ശബ്ദരാകപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് എന്റെ ലക്ഷ്യം, ഉടനെ തന്നെ ഈ കഥകളൊരു പുസ്തകമാക്കാനാണ് തീരുമാനം ‘ എന്നും സുനില്‍ പറഞ്ഞു.