ജോലി കഴിഞ്ഞ് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ എത്തുന്നത് പത്ത് കിലോമീറ്റര്‍ ഓടി; വൈറലായി യുവാവിന്റെ വീഡിയോ

തോളില്‍ ബാഗുമായി തന്റെ സ്വപ്‌നത്തിന് വേണ്ടി അര്‍ദ്ധരാത്രിയില്‍ നോയിഡയിലെ റോഡിലൂടെ ഓടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ അല്‍മോഡ സ്വദേശിയായ പ്രദീപ് മെഹ്‌റ എന്ന 19കാരനാണ് വീഡിയോയിലെ താരം.

സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനോദ് കാപ്രി നോയിഡ റോഡിലൂടെ രാത്രി കാറോടിച്ചു പോയപ്പോള്‍ ബാഗുമിട്ട് ഓടിപ്പോകുന്ന പ്രദീപിനെ കണ്ടു. എന്തെങ്കിലും അത്യാവശ്യത്തിനായി ഓടി പോകുകയായിരിക്കാം എന്ന് കരുതിയ സംവിധായകന്‍ പ്രദീപിനോട് കാറില്‍ കയറിക്കോളൂ താന്‍ കൊണ്ടാക്കാം എന്ന് പല തവണ പറഞ്ഞു. എന്നാല്‍ പ്രദീപ് സ്‌നേഹത്തോടെ ലിഫ്റ്റ് നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് എന്തിനാണ് ഓടുന്നത് എന്നറിയാനുള്ള കൗതുകം കൊണ്ട് സംവിധായകന്‍ പ്രദീപിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജോലി കഴിഞ്ഞ് താന്‍ വീട്ടിലേക്ക് മടങ്ങുകയാണ് എല്ലാ ദിവസവും ഓടിയാണ് പോകുന്നത്. പട്ടാളത്തില്‍ ചേരണമെന്നാണ് തന്റെ ആഗ്രഹം, അതിന് വേണ്ടി ഓടി പരിശീലിക്കുകയാണ് എന്നും പ്രദീപ് വിനോദ് കാപ്രിയോട് പറഞ്ഞു.

സെക്ടര്‍ 16ലെ മക്ഡൊണാള്‍ഡ്സ് ജീവനക്കാരനാണ് പ്രദീപ്. ഇളയ സഹോദരനും അമ്മയ്ക്കും ഒപ്പം ഉത്തര്‍പ്രദേശിലെ ബറോലയിലാണ് ഈ ചെറുപ്പക്കാരന്‍ താമസിക്കുന്നത്. അമ്മയുടെ ആരോഗ്യനില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ വീട്ടുജോലികളും മക്ഡൊണാള്‍ഡ്സിലെ ജോലിയും കഴിഞ്ഞ് പകല്‍ സമയത്ത് ഓടാന്‍ സമയം കിട്ടാറില്ല. അതുകൊണ്ടാണ് രാത്രിയില്‍ ഒാടുന്നത് എന്നും ദിവസവും 10 കിലോമീറ്റര്‍ ഓടുമെന്നും പ്രദീപ് മെഹ്‌റ പറയുന്നു.

ഇതാണ് യഥാര്‍ത്ഥ സ്വര്‍ണം എന്ന തലക്കെട്ടോടു കൂടി വിനോദ് കാപ്രി പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ കണ്ട് പ്രദീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. പ്രദീപ് അത്ഭുതപ്പെടുത്തുന്നു. ഇന്ത്യയുടെ ഈ ഭാവി ഇതുപോലുള്ള ചെറുപ്പക്കാരിലാണ് എന്നൊക്കെയാണ് കമന്റുകള്‍.