ആസ്പിരിന്‍ ഗുളികള്‍ക്ക് ഒപ്പം പോളിപില്‍ കഴിച്ചാല്‍ ഹൃദയാഘാതവും പക്ഷാഘാതവും 40 ശതമാനം വരെ കുറയ്ക്കാം: ടിപ്സ്-3 പഠനം

ഹൃദയാഘാതം, സ്‌ട്രോക്ക് മറ്റ് കാര്‍ഡിയോവാസ്‌ക്കുലര്‍ രോഗങ്ങള്‍ എന്നിവ പോളിപില്‍, ആസ്പിരിന്‍ ഗുളികകള്‍ കഴിച്ച് 40 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം. മൂന്ന് ബ്ലഡ് പ്രഷര്‍, ഒരു ലിപിഡ് ലോവറിംഗ് മരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് പോളിപില്‍. മുന്‍പ് ഹൃദയരോഗങ്ങള്‍ ഉണ്ടായിട്ടില്ലാത്ത എന്നാല്‍ രോഗഭീഷണിയിലുള്ള ആളുകളെ ഉള്‍പ്പെടുത്തിയാണ് TIPS-3 പഠനം സംഘടിപ്പിച്ചത്.

പോളിപില്‍ മാത്രം കഴിച്ചാല്‍ തന്നെ ഹൃദയാഘാതം, സ്‌ട്രോക്ക്, റീവാസ്‌ക്കുലറൈസേഷന്‍ പ്രൊസീഡ്യറുകള്‍ (ആന്‍ജിയോപ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ പോലുള്ളവ), മറ്റ് കാര്‍ഡിയോവാസ്‌ക്കുലര്‍ രോഗങ്ങള്‍ എന്നിവ 20 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തി. പോളിപില്ലും ആസ്പിരിനും കഴിച്ചാല്‍ ഇതേ രോഗസാധ്യതകള്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും.

“പോളിപില്‍ കാര്യക്ഷമമാണ് എന്ന് മാത്രമല്ല ഇത് ചെലവ് കുറഞ്ഞതുമാകാനാണ് സാധ്യത. സാധാരണ ഉപയോഗിക്കുന്ന ജെനറിക് ഡ്രഗ്‌സാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്” – പഠനത്തിന്റെ കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ബാംഗ്‌ളൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ പ്രേം പയസ് പറഞ്ഞു. “പോളിപില്‍ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ വളരെ സൌകര്യപ്രദമാണ്. കാര്യക്ഷമമായ പല മരുന്നുകളും ഒരു ഗുളികയ്ക്ക് അകത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് പോളിപില്‍. ഇതു ദിവസത്തില്‍ ഒരു തവണ കഴിച്ചാല്‍ ഫലമുണ്ടാകും”.

“ഹൃദയരോഗങ്ങള്‍ കുറയ്ക്കാനുള്ള മാറ്റത്തിന്റെ യാത്രയുടെ തുടക്കമാണിത്. പോളിപില്ലും ആസ്പിരിനും നന്നായി ഉപയോഗിച്ചാല്‍ ഓരോ വര്‍ഷവും ഗുരുതരമായ ഹൃദയരോഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം പകരാന്‍ നമുക്കാകും” – പഠനത്തിന്റെ കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ പ്രൊഫസറുമായ സലീം യൂസഫ് പറഞ്ഞു.

ആഗോളതലത്തില്‍ തന്നെ ഏറ്റവും ഗുരുതര രോഗമെന്ന നിലയില്‍, ഓരോ വര്‍ഷവും കാര്‍ഡിയോവാസ്‌ക്കുലാര്‍ രോഗങ്ങള്‍ കൊണ്ട് മരിക്കുന്ന ആളുകളുടെ എണ്ണം 18 ദശലക്ഷമാണ്. ഇതില്‍ 80 ശതമാനവും വരുമാനം കുറഞ്ഞതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാണ്. ഓരോ വര്‍ഷവും ആഗോള തലത്തില്‍ കാര്‍ഡിയോവാസ്‌ക്കുലാര്‍ രോഗങ്ങള്‍ ബാധിക്കുന്നത് ഏതാണ്ട് 40 ദശലക്ഷം ആളുകളെയാണ്.

“ഈ റിസല്‍ട്ട് വളരെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. സെന്റ് ജോണ്‍സിലെ ഡോ. പ്രേം പയസ്, ഡോ. ഡെന്നിസ് സേവ്യര്‍ എന്നീ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ നേതൃത്വം നല്‍കിയ പഠനത്തിലൂടെ ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ആഗോള ശാസ്ത്ര ശാഖയ്ക്ക് ഇന്ത്യ നല്‍കുന്ന സംഭാവനയുടെ മറ്റൊരു ഉദാഹരണമാണിത്. പോളിപില്‍ സ്ട്രാറ്റജി വ്യാപകമായി ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതിനു നമ്മുടെ ദേശീയ പ്രോഗ്രാമുകളില്‍ ഇടം പിടിക്കാനായാല്‍ ചെലവ് വീണ്ടും കുറയ്ക്കാനാകും” – ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്റ്റര്‍ ജനറല്‍, പ്രൊഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

9 രാജ്യങ്ങളില്‍ നിന്നുള്ള 89 സെന്ററുകളിലാണ് പഠനം നടത്തിയത്. ഇതില്‍ 39 സെന്ററുകള്‍ ഇന്ത്യയിലായിരുന്നു. ക്യാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാമില്‍ട്ടന്‍ ഹെല്‍ത്ത് സയന്‍സസ് എന്നിവരാണ് ആഗോളതലത്തില്‍ ഇത് കോര്‍ഡിനേറ്റ് ചെയ്തത്. ഇന്ത്യയില്‍ ഇത് കോര്‍ഡിനേറ്റ് ചെയ്തത് ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്‌റ്യൂട്ടാണ്.

ആഗോളതലത്തില്‍ പഠനം പൂര്‍ത്തിയാകാന്‍ ഏതാണ്ട് 8 വര്‍ഷങ്ങള്‍ വേണ്ടി വന്നു. പങ്കെടുത്ത ആളുകള്‍ ശരാശരി 4.5 വര്‍ഷം മരുന്നു കഴിച്ചു. “ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. നിരവധി സെന്ററുകളും നിരവധി ആളുകളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലം ഫോളോഅപ്പ് എടുക്കേണ്ടി വരും. മൊത്തം സാമ്പിള്‍ സൈസിന്റെ 49 ശതമാനം ഇന്ത്യയില്‍ നിന്നാണ് എടുത്തത്. രണ്ട് ദശാബ്ദത്തോളം നീണ്ട സഹകരണത്തിന്റെ ഭാഗമായാണ് ഇതു ചെയ്യാനായത്. ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എല്ലാവരും തന്നെ ശാസ്ത്ര താല്‍പ്പര്യമുള്ള സുഹൃത്തുക്കളുമായിരുന്നു” – ക്ലിനിക്കല്‍ റിസര്‍ച്ച് തലവനും സെന്റ് ജോണ്‍സ് പ്രൊഫസറുമായ ഡെന്നിസ് സേവ്യര്‍ പറഞ്ഞു.

പഠനം ഇപ്പോള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റേര്‍സ് ഈ പഠനം 2020 അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക്ക് സെഷനുകളില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യ, ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള 5714 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. പോളിപ്പില്‍ മാത്രവും പ്ലാസിബോയും തമ്മിലുള്ള താരതമ്യം, ആസ്പിരിന്‍ മാത്രവും പ്ലാസിബോയും തമ്മിലുള്ള താരതമ്യം, പോളിപ്പിലും ആസ്പിരിനും ഒന്നിച്ച് ഡബിള്‍ പ്ലാസിബോയുമായുള്ള താരതമ്യം എന്നിങ്ങനെയാണ് പഠനങ്ങള്‍ നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാര്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സ്ത്രീകള്‍ 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ്.

പോളിപില്ലുകളുടെ ഫോര്‍മുലേഷന്‍ വ്യത്യാസപ്പെട്ടേക്കാം. പഠനത്തില്‍ ഉപയോഗിച്ചത് 40 mg simvastatin; 100 mg atenolol; 25mg hydrochlorothiazide, 10 mg ramipril എന്നിവയാണ്. ഇവ 75 mg ആസ്പിരിനോട് ചേര്‍ത്തു കഴിക്കാം.

“അടുത്ത തലമുറ പോളിപില്ലുകള്‍ക്ക് റിസ്‌ക്ക് ഘടകങ്ങള്‍ നന്നേ കുറവായിരിക്കും, ഒപ്പം ഹൃദയരോഗങ്ങള്‍ കുറയ്ക്കുകയും പോളിപില്‍ ഫോര്‍മുലേഷനുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യും” – യൂസഫ് പറഞ്ഞു. പോളിപ്പില്‍ മാത്രം കഴിച്ച 4.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഹൃദയാഘാതം, സ്‌ട്രോക്ക് ഉണ്ടാകുകയോ റീവാസ്‌ക്കുലറൈസേഷന്‍ പ്രാസീഡ്യര്‍ ചെയ്യേണ്ടി വരികയോ അല്ലെങ്കില്‍ കാര്‍ഡിയോവാസ്‌ക്കുലര്‍ പ്രശ്‌നങ്ങള്‍ കൊണ്ട് മരിക്കുകയോ ചെയ്തിട്ടുള്ളു. അതേസമയ പ്ലസീബോ എടുത്ത 5.5 ശതമാനം പേര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടായി. ആസ്പിരിന്‍ എടുത്തവരില്‍ ഇത് 4.1 ശതമാനമായിരുന്നു. പ്ലാസിബോ എടുത്തവരില്‍ 4.7 ശതമാനവും.

പോളിപ്പില്ലും ആസ്പിരിനും തടസ്സമില്ലാതെ കഴിച്ച ആളുകളില്‍ 40 ശതമാനം റിസ്‌ക്ക് കുറഞ്ഞതായി കാണാന്‍ കഴിഞ്ഞു. പോളിപ്പില്ലും ആസ്പിരിനും കഴിച്ചവരില്‍ 4.1 ശതമാനത്തിനാണ് ഗുരുതരമായ കാര്‍ഡിയോവാസ്‌ക്കുലാര്‍ പ്രശ്‌നമുണ്ടായത്. ഡബിള്‍ പ്ലാസിബോ എടുത്തവരില്‍ ഇത് 5.8 ശതമാനമായിരുന്നു.