കുഞ്ഞിൻ്റെ പേര് 'പക്കാവട'; വിശദീകരണവുമായി റെസ്റ്റോറന്‍റ് ഉടമ

ഇഷ്ട ഭക്ഷണത്തിന്‍റെ പേര്  കുഞ്ഞിന് നൽകി റെസ്റ്റോറന്‍റ് ഉടമ.  യുകെയിലെ ഒരു റെസ്റ്റോറന്‍റ് ഉടമസ്ഥയായ ഹിലാരി ബ്രാനിഫാണ് കുഞ്ഞിന് പകോറ എന്ന പേര് നൽകിയത് .  ‘പക്കാവട’ അഥവാ ‘പകോറ’എന്ന പേരിനൊപ്പം  കുഞ്ഞിന്‍റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള സ്നാക്ക് ആണ് പക്കാവട. നോര്‍ത്തിൽ ഇതിന് പകോറ എന്നാണ് പറയുക.

പകോറ എന്ന പേരിൽ ഈ ഇന്ത്യൻ വിഭവം പല വിദേശരാജ്യങ്ങളിലും തീൻമേശകളില്‍ നിറയാറുണ്ട്. അവിടെയും ഇതിന് ആരാധകരേറെയാണ്. ഇത് ഇഷ്ട ഭക്ഷണമായതിനാൽ കുഞ്ഞിന് റെസ്റ്റോറന്‍റുകാര്‍ ഈ പേരിട്ടുവെന്നാണ് ഏവരും കരുതിയത്. ഉടനെ തന്നെ അസാധാരണമായ ഈ സംഭവം വാര്‍ത്തകളിലും ഇടം നേടി. സോഷ്യല്‍ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിലരി.

കഴിഞ്ഞ മാസം ജനിച്ച തന്‍റെ പേരക്കിടാവാണ് ഫോട്ടോയിലുള്ളതെന്നും, പകോറ ഇഷ്ടഭക്ഷണമാണെങ്കിലും കുഞ്ഞിനെ ആ പേരിട്ട് വിളിച്ചത് റെസ്റ്റോറന്‍റിന് പ്രശസ്തി ലഭിക്കുന്നതിനാണെന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ഇവരുടെ റെസ്റ്റോറന്‍റിലെ പ്രധാന മെനുവാണ് പലതരത്തിലുള്ള പകോറകള്‍.

കുഞ്ഞിന് ഈ പേരിട്ടത് സത്യമാണെന്ന് വിശ്വസിച്ച് ധാരാളം പേര്‍ ആശംസകളറിയിച്ചതോടെയും പലരും പരിഹസിച്ചതോടെയുമാണ് വിശദീകരണം നൽകാൻ താൻ തീരുമാനിച്ചതെന്ന് ഹിലരി അറിയിക്കുന്നു.